കാട്ടാക്കട: കൊവിഡ് രാണ്ടാം തരംഗം ഗ്രാമീണമേഖലകളിൽ പിടിമുറുക്കുന്നു. കാട്ടാക്കടയിലും പൂവച്ചൽ ഗ്രാമപഞ്ചായത്തിലും കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ആറുമാസത്തിൽ 20 പേരാണ് മരിച്ചതെങ്കിൽ രണ്ടാംതരംഗത്തിൽ ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാട്ടാക്കടയിൽ എട്ടുപേരും,​ പൂവച്ചൽ പഞ്ചായത്തിൽ അഞ്ചുപേരും,​ ആര്യനാട്ട് മൂന്നുപേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഈ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (ടി.പി.ആർ)​ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ടി.പി.ആർ 25 ശതമാനത്തിന് മുകളിലായിരുന്നപ്പോൾ ജില്ലാ ഭരണകൂടം ഇവിടെ 144 പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനും മുകളിലാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധന നടക്കുന്നുണ്ടെങ്കിലും ഹെൽമറ്റ് ധരിക്കാത്തതും മറ്റു പരിശോധകളും നടത്തി പിഴ ഈടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശോധനയ്ക്കിടയിലേക്ക് പോസിറ്റീവ് ആയ വ്യക്തിയെയും കൊണ്ടുപോയവരും എത്തിപ്പെട്ടിരുന്നു. ഒടുവിൽ പരിശോധനാഫലം കാണിച്ചാണ് ഇവരുടെ വാഹനം കടന്നുപോയത്. പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്നുള്ളവർ പൊതുയിടങ്ങളിലേക്കിറങ്ങുന്നത് തടയാൻ സംവിധാനങ്ങളില്ല. ഉച്ചഭാഷണികളിലും മറ്രുമായി കൊവിഡ് ബോധവത്കരണം മുറപോലെ നടക്കുന്നുണ്ടെങ്കിലും പൊതുയിടങ്ങളിൽ ജനക്കൂട്ടത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല. കാട്ടാക്കട ഡിപ്പോയും സമീപ ഡിപ്പോയും 144 പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പരിധിയിലാണ്. ഡിപ്പോയിലെ ജീവനക്കാരിൽ പലർക്കും കൊവിഡ് ബാധിച്ചിരിക്കുകയാണ്. ഇവരിടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ ജോലിക്കെത്തുന്നുണ്ട്. പൊലീസ് ഉൾപ്പടെയുള്ള കൊവിഡ് പോരാളികൾക്ക് സാനിറ്റൈസർ,​ ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.