തുടർഭരണമായാൽ
പിണറായി വിജയൻ:
ഇടതുമുന്നണിക്ക് തുടർഭരണമുറപ്പായാൽ നേട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ തൊപ്പിയിൽ.
പുതിയ ടീമിനെ അണിനിരത്തിയുള്ള ആധികാരിക ജയമായി വാഴ്ത്തപ്പെടും.ക്യാപ്ടൻ പരിവേഷത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുന്നണിയെ നയിച്ച പ്രതിച്ഛായ.
എതിരാളികളാരുമില്ല. ടീം പിണറായി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന പുതിയ മുഖമുള്ള മന്ത്രിസഭയ്ക്ക് സാദ്ധ്യത
യു.ഡി.എഫ് വന്നാൽ
രമേശ് ചെന്നിത്തല
യു.ഡി.എഫിലെ കീഴ്‌വഴക്കമനുസരിച്ച് മുന്നണി ചെയർമാനും പ്രതിപക്ഷ നേതാവുമായിരിക്കുന്നയാളെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കുക. വികസന, ക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നേറിയ ഇടതുമുന്നണി സർക്കാരിനെ അഴിമതിയാരോപണങ്ങളാൽ വരിഞ്ഞുമുറുക്കി പ്രതിപക്ഷനേതാവിന്റെ റോൾ ഭംഗിയാക്കിയ മികവ്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും ശേഷം യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടസമിതി അദ്ധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ ഇറക്കിയതും മുന്നോട്ടുള്ള വഴിയിൽ വിഘാതമാകാനിട.
ഉമ്മൻ ചാണ്ടി
മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ ജനപ്രീതിയാർജിച്ച നേതാവിന്റെ പരിവേഷം.
ദീർഘകാലത്തെ പാർലമെന്ററി അനുഭവസമ്പത്ത്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ടസമിതി അദ്ധ്യക്ഷ പദവി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദ്ദേശം ഉയരാം.
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.
തർക്കമുണ്ടായാൽ അവസാനത്തെ ഓപ്ഷൻ എന്ന നിലയിൽ പരിഗണിക്കപ്പെടാനിടയുള്ളവർ.
കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലെ സേവനം മുല്ലപ്പള്ളിക്ക് തുണ.എ.ഐ.സി.സിയുടെ സംഘടനാ ജനറൽസെക്രട്ടറി എന്ന ഏറ്റവും ഉയർന്ന സ്ഥാനം കെ.സി. വേണുഗോപാലിന് അനുകൂലഘടകം.
രണ്ടുപേരും തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് തടസം. ഇനി പരിഗണിക്കപ്പെട്ടാലും ഏതെങ്കിലും മണ്ഡലത്തിൽ ആറ് മാസത്തിനകം മത്സരിച്ച് വിജയിക്കണം.നേരിയ ഭൂരിപക്ഷമായാൽ ഈ പരീക്ഷണത്തിന് യു.ഡി.എഫ് മുതിരാൻ സാദ്ധ്യതക്കുറവ്.
ഉപമുഖ്യമന്ത്രിസ്ഥാനം?
യു.ഡി.എഫ് വന്നാൽ ഉപമുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുയരാം.
മുസ്ലിംലീഗ് ഇതിന് രംഗത്ത് വരാൻ സാദ്ധ്യതയേറെ. 27 സീറ്റിൽ മത്സരിക്കുന്ന ലീഗ് 20ലേറെ പിടിച്ചാൽ ഉറപ്പായും പരിഗണിക്കേണ്ടിവരും. എങ്കിൽ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും ഉപമുഖ്യമന്ത്രി.