ds

 ക്യൂ നിന്ന വൃദ്ധൻ കുഴഞ്ഞുവീണു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്യാതെ നേരിട്ടെത്താമെന്ന നിർദ്ദേശം വന്നതിന് പിന്നാലെ മാസ് വാക്‌സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് സ്റ്റേഡിയത്തിലും ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും ഇന്നലെ തിരക്ക് കൂടി. ഇതിനിടെ വാക്‌സിനെടുക്കാൻ സ്റ്റേഡിയത്തിൽ ഏറെനേരം ക്യൂ നിന്ന വൃദ്ധൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പൊലീസ് വാഹനത്തിൽ ഉടൻ ആശുപത്രിയിലെത്തിച്ചു.

ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്‌ത് ടൈം സ്ലോട്ട് അനുസരിച്ച് എത്തിയവരെക്കൂടാതെ രണ്ടാം ഡോസിനായി തത്സമയ രജിസ്‌ട്രേഷൻ നടത്താൻ കൂട്ടത്തോടെ ആളുകളെത്തിയതാണ് തിരക്ക് കൂടാൻ കാരണമായത്. നേരത്തെ ഒന്നാം ഡോസ് എടുത്തവരുടെ ലിസ്റ്റ് കൊവിൻ പോർട്ടലിൽ ലഭ്യമാക്കുമെന്നും ആശാവർക്കർമാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ രണ്ടാം ഡോസ് എടുക്കേണ്ട ദിവസവും സമയവും നൽകുമെന്ന് അറിയിച്ചിട്ടും അതൊന്നും കാര്യമാക്കാതെയാണ് ഇന്നലെ നിരവധി പേരെത്തിയത്.

ഒന്നാം ഡോസ് എടുക്കാനായി രാവിലെ 10നും 11നും ഇടയ്ക്ക് ടൈം സ്ലോട്ട് ലഭിച്ച് എത്തിയവരെ സ്റ്റേഡിയത്തിന് മുന്നിൽ തയ്യാറാക്കിയ പന്തലിൽ ഇരുത്തിയതിനാൽ പിന്നീട് എത്തിയവർക്ക് ക്യൂ നിൽക്കേണ്ടിവന്നു. പന്തലിൽ ഇരുന്നവരെ ടോക്കൺ നൽകി അകത്ത് കടത്തിവിട്ട ശേഷമാണ് ക്യൂവിൽ കാത്തുനിന്നവരെ പന്തലിൽ ഇരുത്തിയത്. ക്യൂവിൽ ഏറെനേരം കാത്തുനിന്നതിനെ തുടർന്നാണ് വൃദ്ധൻ കുഴഞ്ഞുവീണത്.

ഒന്നാം ഡോസിനായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്‌ത 2000 പേർക്കാണ് ഇന്നലെ സ്‌റ്റേഡിയത്തിൽ വാക്‌സിൻ നൽകിയത്. സ്‌പോട്ട് രജിസ്ട്രേഷനെത്തിയ 700 പേർക്ക് ടോക്കൺ നൽകിയശേഷം വാക്‌സിൻ നൽകി. പിന്നീട് എത്തിയവരെ ഇന്ന് വരാൻ നിർദ്ദേശിച്ച് മടക്കി അയച്ചു. വാക്‌സിനെടുത്ത ശേഷം അരമണിക്കൂർ നിരീക്ഷണം കഴിഞ്ഞുമാത്രമേ മടക്കിവിടാൻ കഴിയൂവെന്നതിനാൽ പരമാവധി 2700പേർക്ക് മാത്രമേ ഒരു ദിവസം കുത്തിവയ്‌പ് നൽകാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.