covid

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണമുള്ളതിനാൽ സംസ്ഥാനത്ത് മേയ് ദിനാഘോഷങ്ങളിൽ ആദ്യമായി റാലികളും പൊതുയോഗങ്ങളുമുണ്ടാകില്ല. റാലി നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചിരുന്നെങ്കിലും പ്രത്യേക സാഹചര്യത്തിൽ അതെല്ലാം ഒഴിവാക്കി. തൊഴിലിടങ്ങളിലും പ്രധാന കവലകളിലും പതാക ഉയർത്തി മേയ് ദിനാഘോഷം നടത്താൻ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വം തീരുമാനിച്ചു.

സി.ഐ.ടി.യുവിന്റെ എല്ലാ ഓഫീസുകൾ കേന്ദ്രീകരിച്ചും ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30 ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഓൺലൈൻ വഴി മേയ് ദിന സന്ദേശം നൽകും. സി.ഐ.ടി.യു ഫേസ്ബുക്ക് പേജിൽ സന്ദേശം ലഭ്യമാവും.

ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് പതാക ഉയർത്തും. പതാക ഉയർത്തുന്ന കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'കൊവിഡ് പ്രതിരോധ ഐക്യദാർഢ്യ പ്രതിജ്ഞ" എടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു.

ആൾക്കൂട്ടം ഒഴിവാക്കിയുള്ള പരിപാടികളാണ് എ.ഐ.ടി.യുസിയും നിശ്ചയിച്ചിട്ടുള്ളത്. സംഘടനയിൽ അംഗങ്ങളായിട്ടുള്ളവരുടെ വീടുകളിലും ഓഫീസുകൾ കേന്ദ്രീകരിച്ചും പതാക ഉയർത്തി മേയ് ദിന സന്ദേശം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അറിയിച്ചു.