s

തിരുവനന്തപുരം:കൊവിഡിന്റെ കുതിപ്പിൽ തലസ്ഥാനത്തിന് ഇതുവരെ നഷ്ടമായത് 989 പേരെ. കൊവിഡ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 2020 ജനുവരി മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്.വിവിധ പ്രായത്തിലുള്ള, വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന,വിവിധ ആരോഗ്യസ്ഥിതിയിലുണ്ടായിരുന്നവരെയാണ് കൊവിഡ് കവർന്നത്. ജില്ലയിലെ മരണനിരക്ക് ആയിരത്തോടടുക്കുമ്പോൾ ജാഗ്രത കൈവെടിഞ്ഞാൽ വില നൽകേണ്ടിവരുമെന്ന ഓർമ്മപ്പെടുത്തലാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്. അതേസമയം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും മൂവായിരം പിന്നിട്ടു. 3,535 പേരാണ് ഇന്നലെ രോഗബാധിതരായത്.ഇതിൽ 3,359 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മൂന്ന് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.6 ശതമാനം.വ്യാഴാഴ്ച 24.3 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

1,602 പേർ ഇന്നലെ രോഗമുക്തി നേടി. 24,919 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. പുതുതായി 5,727 പേർകൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 67,986 ആയി. 1,310 പേർ രോഗലക്ഷണങ്ങളൊന്നുമില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.

രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ജാഗ്രത പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദ്ദേശം പലപ്പോഴും കാറ്റിൽപ്പറത്തുകയാണ്. സാമൂഹ്യഅകലം പാലിക്കാത്തതിലെ ജാഗ്രതക്കുറവാണ് രോഗവ്യാപനത്തിന്റെ വേഗത കൂട്ടുന്നത്. സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധന ഇത് ശരിവയ്ക്കുന്നതാണ്.

പത്ത് ദിവസത്തിനിടെ രോഗബാധിതരായത് 68 ആരോഗ്യപ്രവ‌ർത്തകർ

തിരുവനന്തപുരം: കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ വിശ്രമമില്ലാത്ത ജോലിക്കിടെ

ആരോഗ്യ പ്രവർത്തകരും കൊവിഡിന്റെ പിടിയിലാവുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 68 ആരോഗ്യപ്രവ‌‌ർത്തകരാണ് ജല്ലയിൽ രോഗബാധിതരായത്.നിരവധി പേർ നിരീക്ഷണത്തിലുമായി.കൊവിഡ് പോസിറ്റീവാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടുന്നത് ചികിത്സാ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ദിനംപ്രതി ആശുപത്രികളിൽ വർദ്ധിക്കുന്ന രോഗികളെ പരിചരിക്കാൻ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ലാത്തത് പ്രതിരോധ സംവിധാനങ്ങളെ തകരാറിലാക്കും.

ജോലിഭാരവും മതിയായ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗബാധ വർദ്ധിക്കാൻ കാരണം. പരിശോധനാഫലം വരാൻ വൈകുന്നതും വെല്ലുവിളിയാകുന്നുണ്ട്.