തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ 370 കിടക്കകൾ കൂടി ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ ഒഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യയുടെ ( എ.എച്ച്.പി.ഐ ) കേരള സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റും കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനുമായ ഡോ.എം.ഐ. സഹദുള്ള ആവശ്യപ്പെട്ടു. ജില്ലയിൽ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാന ആശുപത്രികളുടെ പ്രതിനിധികളുമായി നടത്തിയ അടിയന്തരയോഗത്തിലാണ് ആവശ്യമുന്നയിച്ചത്. ഓക്‌സിജൻ ലഭ്യതയുള്ള കിടക്കകൾ വർദ്ധിപ്പിക്കുന്നതിന് കർമ്മപദ്ധതി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു.

ഓക്‌സിജൻ വിതരണം ഉറപ്പാക്കുന്നതിനും മാനവവിഭവശേഷി കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകി നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉപസമിതി രൂപീകരിച്ചു. വിഭവസമാഹരണത്തിന് വിവിധ എൻ.ജി.ഒകൾ, പൗര സംഘടനകൾ, സർക്കാർ എന്നിവയുമായി ചേർന്നായിരിക്കും പ്രവർത്തനം. മുരുകൻ (പി.ആർ.എസ്), ഫൈസൽ ഖാൻ (നിംസ്), മനോജ് (ഗോകുലം , അശോകൻ (എസ്.പി ഫോർട്ട് ), രശ്‌മി ഐഷ (കിംസ്‌ഹെൽത്ത്), ഡോ. ആനന്ദ് മാർത്താണ്ഡപിള്ള (അനന്തപുരി), ഡോ. അശോക് മേനോൻ (കോസ്‌മോ പൊളിറ്റൻ ഹോസ്‌പിറ്റൽ), രഞ്ജിത്ത് കാർത്തികേയൻ (ആറ്റുകാൽ ഹോസ്‌പിറ്റൽ) തുടങ്ങിയവർ പങ്കെടുത്തു.