നെടുമങ്ങാട്: ഭർത്താവിന്റെ കൊലക്കത്തിക്ക് മുന്നിൽ ജീവനറ്റ ഷീജയുടെ വിയോഗത്തിൽ നടുങ്ങി നെട്ടയിൽ ഹൗസിംഗ് കോളനിയിലെ നാട്ടുകാർ. ക്ഷേത്ര ദർശനവും മക്കളുടെ പരിചരണവും മാത്രം ഇഷ്ടപ്പെട്ടിരുന്ന വീട്ടമ്മയുടെ ജീവനാണ് ഭർത്താവിന്റെ സംശയ രോഗത്തിന് മുന്നിൽ നഷ്ടമായത്. ഷീജയുടെ വിയോഗം ബന്ധുക്കൾക്കും പരിചയക്കാർക്കും വിശ്വസിക്കാനായിട്ടില്ല. നേരത്തെ റേഷൻകട ലൈസൻസി ഏറ്റെടുത്ത് നടത്തിയിരുന്ന ഭർത്താവ് സതീശൻ നായർ, ലൈസൻസി ഒഴിഞ്ഞ് ഇപ്പോൾ സദാസമയവും വീട്ടിൽ തന്നെയുണ്ട്. കൃഷിയും പശുപരിപാലനവുമായി മെച്ചപ്പെട്ട നിലയിൽ ജീവിതം നയിക്കുന്ന കുടുംബമായിരുന്നു ഇവരുടേതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് മക്കളായ ഗോകുലും ഗോപികയും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഷീജയുടെയും സതീശൻ നായരുടെയും ബന്ധുക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ച് ഇതുവരെയും മുന്നോട്ടുപോയത്. കഴിഞ്ഞദിവസം അച്ഛൻ അമ്മയുടെ താലിമാല വലിച്ചു പൊടിച്ചതും ദേഹോപദ്രവം ഏല്പിച്ചതും കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു. നിയന്ത്രണംവിട്ട ഷീജ കുളിമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കാൻ ഒരുമ്പെട്ടെങ്കിലും മക്കളുടെ കണ്ണീരിന് മുന്നിലാണ് പിന്മാറിയത്. ഷീജയുടെ ബന്ധുക്കളെത്തി ഇക്കാര്യം അറിയിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ഇരുവരെയും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സതീശൻ നായർ ഭാര്യയുടെ ജീവൻ അപഹരിച്ചത്. സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.