തിരുവനന്തപുരം: ജനിതകമാറ്റം വന്ന വൈറസുകൾ വ്യാപകമായ സാഹചര്യത്തിൽ വീടിനു പുറത്തെവിടേയും പോകുമ്പോൾ ഇരട്ട മാസ്ക് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു സർജിക്കൽ മാസ്‌കും, അതിനു മുകളിൽ തുണി മാസ്‌കും ധരിക്കണം. അതോടൊപ്പം,കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താൽ രോഗബാധ വലിയ തോതിൽ തടയാൻ സാധിക്കും. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിൽ മാസ്‌കുകളുടെ ഉപയോഗം കർക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നുവെന്ന് പഠനഫലങ്ങൾ വ്യക്തമാക്കുന്നു. സിനിമാ സാംസ്‌കാരിക മേഖകളിലെപ്രമുഖരും മത മേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെ മാസ്‌കുകൾ ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം. ഓഫീസുകളിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പും താക്കീതും നൽകിയിട്ടും ഗൗരവം ഉൾക്കൊള്ളാത്ത സ്ഥാപനങ്ങൾക്ക് നേരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.