sreyu
കൽപ്പറ്റ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ശ്രേയാംസ്കുമാറും സി.കെ.ശശീന്ദ്രൻ എം.എൽ.എയും പ്രചാരണ വേദിയിൽ

കൽപ്പറ്റ: സിറ്റിംഗ് എം.എൽ.എ തന്റെ പഴയ എതിരാളിയെ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി കർമ്മനിരതനാണ്. കൽപ്പറ്റ മണ്ഡലത്തിൽ സി.കെ.ശശീന്ദ്രനാണ് മുന്നണിമാറ്റത്തെ തുടർന്ന് എൽ.ഡി.എഫിലെത്തിയ എൽ.ജെ.ഡിയിലെ എം.വി.ശ്രേയാംസ് കുമാറിനെ വിജയിപ്പിക്കാൻ ഉൗണും ഉറക്കവും മറന്ന് രംഗത്തുളളത്. എം.വി.ശ്രേയാംസ് കുമാറിന്റെ പ്രചാരണ യോഗങ്ങളിൽ മുഖ്യ പ്രാസംഗികനും സി.കെ.ശശീന്ദ്രൻ തന്നെ. സീറ്റിന് വേണ്ടി മുഖം കനപ്പിച്ച് പരസ്പരം പോരടിക്കുന്ന നാട്ടിലാണ് അച്ചടക്കമുള്ള പാർട്ടി പ്രവ‌ർത്തകരായി ഇരുവരും കൈകോർക്കുന്നത്. മുന്നണി മര്യാദയുടെ കരുതൽ ഇരുവരുടെയും വാക്കിലുമുണ്ട്.

നേരിന്റെ രാഷ്ടീയം വിജയിക്കണം: സി.കെ.ശശീന്ദ്രൻ

ഇടതുമുന്നണി അധികാരത്തിൽ വരണമെന്നാണ് കേരളത്തിന്റെ പൊതു വികാരം. അതാണ് നേരിന്റെ രാഷ്ട്രീയം. ജനകീയ ബദൽ ഉയർത്തിപ്പിടിക്കുന്ന സർക്കാരാണ് ഭരിക്കുന്നത്. എൽ.ജെ.ഡിയും കേരളാ കോൺഗ്രസ് എമ്മും ഇടത് മുന്നണിയിൽ അംഗങ്ങളാണ്. എൽ.ജെ.ഡി കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പെ ഞങ്ങളുടെ കൂടെയുണ്ട്. വർഗീയതക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും ആത്മാർത്ഥമായ പ്രവർത്തനം, പൗരത്വഭേദഗതി ബില്ലിനെതിരെ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞാൻ സിറ്റിംഗ് എം.എൽ.എയാണ്. മുന്നണി മര്യാദയുടെ പേരിൽ സീറ്റ് എൽ.ജെ.ഡിക്ക് നൽകിയതാണ്. മുന്നണിയുടെയും പാർട്ടിയുടെയും തീരുമാനം വിജയിപ്പിക്കണം. ശ്രേയാംസുമായി വിദ്യാർത്ഥി കാലത്തേ ബന്ധമുണ്ട്. ചുരുങ്ങിയ കാലം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ശ്രേയാംസിന് ചേരി മാറേണ്ടി വന്നിട്ടുണ്ട്. അതൊക്കെ രാഷ്ട്രീയം. വ്യക്തിപരമല്ല. ഇടതുപക്ഷത്തിന്റെ വിജയം ലോകത്തെ മുഴുവൻ ജനതയും ആഗ്രഹിക്കുന്നു. അതിനുളള രാഷ്ട്രീയ ഉത്തരവാദിത്വം നിർവഹിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഞാൻ വിജയിച്ച ഭൂരിപക്ഷത്തിനെക്കാൾ ഇരട്ടി വോട്ടിൽ ശ്രേയാംസ് കുമാർ വിജയിക്കും.

ശശീന്ദ്രൻ എന്റെ ഗുരു: എം.വി.ശ്രേയാംസ് കുമാർ

ഞങ്ങൾ ദീർഘകാലം ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ചെറിയൊരു കാലയളവിൽ രാഷ്ട്രീയ കാര്യങ്ങളാൽ മുന്നണി വിട്ടു. അച്ഛൻ തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു. ചെറിയൊരു കാലഘട്ടം വിട്ട് നിന്നു. പിന്നെ തിരിച്ചെത്തി. രാഷ്ട്രീയമായും വ്യക്തിപരമായും സി.പി.എമ്മുമായി അടിത്തട്ടിലുളള ബന്ധുമുണ്ട്. 1987ൽ അച്ഛന്റെ തിരഞ്ഞെടുപ്പിൽ ശശിയും ഞാനും ഒരുമിച്ച് പ്രവർത്തിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. അന്ന് കമ്മറ്റി ചെയർമാൻ സി.കെ.ശശീന്ദ്രനായിരുന്നു. ഞാൻ എസ്.കെ.എം.ജെ. സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ എന്നെ എസ്. എഫ്. ഐയിലൂടെ വിദ്യാർത്ഥി രാഷ്ടീയത്തിലേക്ക് കൊണ്ടുവന്നയാളാണ് ശശീന്ദ്രൻ. അടിയന്തരാവസ്ഥ കഴിഞ്ഞ സമയമായിരുന്നു. അന്ന് തു‌ടങ്ങിയ ബന്ധമാണ്. 2016ൽ ഞങ്ങൾ തമ്മിൽ മത്സരിച്ചു.ശശി വിജയിച്ചു. ഞാൻ തോറ്റു. എന്നാൽ ബന്ധത്തിന് ഒരു കോട്ടവും തട്ടിയില്ല. 2006ൽ ഞാൻ നിയമസഭയിലേക്ക് മത്സരിക്കാൻ കാരണം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.എ. മുഹമ്മദായിരുന്നു. നിരന്തരമായി പി.എ. എന്നെ നിർബന്ധിച്ചു. ഒടുവിൽ വഴങ്ങേണ്ടി വന്നു. അതേ പി.എ. മുഹമ്മദിനോടും എനിക്ക് മത്സരിക്കേണ്ടി വന്നു. ശശി പൂർണസമയ രാഷ്ടീയക്കാരനാണ്. ശശി കഴിഞ്ഞ തവണ മത്സരിക്കുമ്പോൾ എന്നെയാണ് ആദ്യം വിളിച്ചറിയിച്ചത്. പിന്നെയാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി ഞാൻ മാറുന്നത്. ഇൗ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ വിജയത്തിന് ഇടതു മുന്നണി എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്നു.