r

കൽപ്പറ്റ: ആവേശം വാനോളമുയർത്തി രാഹുൽ ഗാന്ധി എം.പിയുടെ റോഡ്‌ ഷോ. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണാർത്ഥം മാനന്തവാടിയിലും ഐ സി ബാലകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് സുൽത്താൻ ബത്തേരിയിലുമായിരുന്നു റോഡ് ഷോ. അഡ്വ.ടി. സിദ്ദിഖിന്റെ പ്രചാരണത്തോടനുബന്ധിച്ച് പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പൊതുയോഗത്തിലും രാഹുൽ പങ്കെടുത്തു.

ഇന്നലെ രാവിലെ പത്ത് മണിയോടെ മാനന്തവാടി എരുമത്തെരുവിൽ നിന്നാരംഭിച്ച റോഡ്‌ ഷോ മാനന്തവാടി പുതിയ ബസ് സ്റ്റാൻഡിലാണ് സമാപിച്ചത്. അതിനിടെ മാനന്തവാടിയിൽ ഗാന്ധി പാർക്കിലും, ബത്തേരിയിൽ അസംപ്ഷൻ ജംഗ്ഷനിലും വച്ച് രാഹുൽ ചുരുങ്ങിയ വാക്കുകളിൽ വോട്ടർമാരോട് സംസാരിച്ചു. ബഫർ സോൺ വിഷയത്തിലും മെഡിക്കൽ കോളേജിന്റെ കാര്യത്തിലും പരിഹാരം കാണാൻ യു ഡി എഫ് അധികാരത്തിൽ വരണമെന്ന് രാഹുൽ പറഞ്ഞു. വയനാടിന്റെ അടിയന്തരാവശ്യങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു പ്രസംഗം. ഈ അഞ്ച് വർഷത്തിനിടയ്ക്ക് വയനാടിന്റെ പ്രശ്‌നങ്ങൾക്ക് നേരെ ഇടതുമുന്നണി സർക്കാർ മുഖം തിരിക്കുകയായിരുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.

കർഷകരെ സഹായിക്കുന്ന പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. ലോകഭൂപടത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് വയനാടിനെ മാറ്റിയെടുക്കണം. വിനോദസഞ്ചാര മേഖലയിലെ വിപുലമായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും രാഹുൽ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം കൽപ്പറ്റയിൽ ഉറപ്പ് നൽകി. അതോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാസം ആറായിരം രൂപ ഉറപ്പാക്കും.