നടവയൽ (വയനാട്): കാട്ടിൽ വിറക് ശേഖരിക്കാനെത്തിയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെയ്ക്കുപ്പ വെള്ളിലട്ട് പരേതനായ ദിവാകരന്റെ ഭാര്യ ഗംഗാദേവിയാണ് (55) ദാരുണമായി കൊല്ലപ്പെട്ടത്. വീടിന് പുറകിലായുള്ള വനത്തിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടിൽ വിറക് ശേഖരിക്കാനെത്തിയ സംഘം പൊടുന്നനെ ആനയെ കണ്ടതോടെ ഭയന്ന് ഓടുകയായിരുന്നു. ഇവരുടെ പിന്നാലെ പാഞ്ഞ ആനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു ഗംഗാദേവി. ആന പിന്മാറിയതോടെ സാരമായി പരിക്കേറ്റ ഇവരെ കൽപ്പറ്റയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നടവയൽ - പുൽപ്പള്ളി റോഡ് ഉപരോധിക്കുകയും വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നെയ്ക്കുപ്പയിൽ സ്‌ത്രീകളും കുട്ടികളുമടങ്ങിയ ജനക്കൂട്ടം തടഞ്ഞുവെയ്ക്കുകയും ചെയ്തു. ചർച്ചയ്ക്കൊടുവിൽ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ഒരാൾക്ക് വനംവകുപ്പിൽ താത്കാലിക ജോലി നൽകാമെന്നും ദാസനക്കര മുതൽ നെയ്ക്കുപ്പ വരെ ക്രാഷ് ഗാർഡ് ഫെൻസിംഗ് പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. ധനേഷ്, ഭാവന, അനു എന്നിവരാണ് ഗംഗാദേവിയുടെ മക്കൾ.