സുൽത്താൻ ബത്തേരി: തലചായ്ക്കാൻ ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവർക്ക് വേണ്ടി പൊരുതാൻ ഇറങ്ങിത്തിരിച്ച സ്ഥാനാർത്ഥിക്കും സ്വന്തമായി ഭൂമിയില്ല. പട്ടിക വർഗ്ഗസംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ നിന്ന് സ്വതന്ത്രനായി മൽസരിക്കുന്ന ഒണ്ടൻ പണിയനാണ് സ്വന്തമായി ഒരുപിടിമണ്ണ് പോലുമില്ലാത്ത സ്ഥാനാർത്ഥി. ഭൂമിയും കിടപ്പാടവും ഇല്ലാത്ത ആദിവാസികൾക്ക് വേണ്ടി ശബ്ദിക്കുന്നതിനായാണ് ഇദ്ദേഹം മൽസരിക്കുന്നത്.
ഒന്നുമില്ലാത്തവന്റെ പ്രതീകമാണ് 86-കാരനും തൊവരിമല ഭൂസമരസമിതി നേതാവുമായ ഒണ്ടൻ. താൻ ഉൾപ്പെടുന്ന പിന്നോക്ക സമുദായം നേരിടുന്ന പ്രശ്‌നങ്ങൾ ചുണ്ടിക്കാട്ടിയാണ് ജനമദ്ധ്യത്തിൽ വോട്ട് തേടിയിറങ്ങുന്നത്. സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാറിന്റെയും പുരോഗമന രാഷ്ട്രീയ മുന്നണിയും പിന്തുണ നൽകുന്നുണ്ട്. പണിയ വിഭാഗത്തിൽപ്പെട്ട ഒണ്ടൻ സ്വന്തം ഭാഷയിലൂടെയാണ് എല്ലാവരോടും വോട്ട് ചോദിക്കുന്നത്. തനിക്ക് പലരും വോട്ട് തരുകയില്ലെങ്കിലും തങ്ങളുടെ അവസ്ഥ എന്താണെന്ന് പുറം ലോകം അറിയുകയെങ്കിലും ചെയ്യുമല്ലോ എന്നാണ് ഒണ്ടന്റെ വിശദീകരണം.
സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാൽ ചെറിയച്ഛന്റെ ഭൂമിയിലാണ് താമസിച്ചിരുന്നത്. 2011-ൽ ഭാര്യ കെറുമ്പിയുടെ പേരിൽ ഒരു ഏക്കർ ഭൂമിയുടെ പട്ടയം ലഭിച്ചു. മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിലാണ് സർവ്വേ നമ്പറടക്കം കാണിച്ച് ഭൂമിയുടെ പട്ടയം നൽകിയത്. എന്നാൽ പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒണ്ടന് അവകാശപ്പെട്ട ഭൂമി എവിടെയാണെന്ന് ഇതുവരെ അധികൃതർ കാണിച്ചുകൊടുത്തിട്ടില്ല. ഒണ്ടനും ഭാര്യയും കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഇതിനിടെ കെറുമ്പി മരിക്കുകയും ചെയ്തു. ഇപ്പോൾ മക്കളുടെ കൂടെയാണ് താമസം.
തന്നെപോലെ ആയിരത്തോളം പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമിയെവിടെയാണെന്ന് അറിയാതെ അലയുന്നുണ്ടെന്ന് ഒണ്ടൻ പറയുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരു സ്വത്തുമില്ലാത്ത തനിക്ക് സ്വത്ത് വിവരത്തെപ്പറ്റി പത്രികയിൽ ഒന്നും ചേർക്കാനില്ല. ആയിരം രൂപമാത്രമാണ് കയ്യിൽ സമ്പാദ്യമായുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഭൂമിക്കും കിടപ്പാടത്തിനും വേണ്ടി സമരം തുടരും.
ആളുകളോട് വോട്ട് ചോദിക്കുന്നതും സമരം നടത്തുന്നതും തനിക്ക് ഭൂമിയും കിടപ്പാടവും കിട്ടാനല്ല. തന്നെപോലെ കഴിയുന്ന ആയിരങ്ങൾക്ക് വേണ്ടിയാണന്ന് ഒണ്ടൻ പണിയൻ പറയുന്നു.