തിരുനെല്ലി: പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിൽ രാഹുൽ ഗാന്ധി വീണ്ടും എത്തി.
ഇന്നലെ രാവിലെ ഒൻപതരയോടെ വയനാട്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ അദ്ദേഹം നേരെ തിരുനെല്ലി ക്ഷേത്ര സന്നിധിയിൽ എത്തി ഇരുപത് മിനിട്ടോളം അവിടെ ചെലവഴിച്ചു. രണ്ടാം തവണയാണ് രാഹുൽ തിരുനെല്ലി ക്ഷേത്രത്തിലെത്തുന്നത്.
ക്ഷേത്രം ട്രസ്റ്റി പി.ബി.കേശവദാസ്, എക്സിക്യൂട്ടീവ് ഒാഫീസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ ചേർന്ന് രാഹുൽ ഗാന്ധിയെ വരവേറ്റു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പും അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയിരുന്നു.