kabani-a
ഒഴുക്ക് നിലച്ച്... കിഴക്കോട്ടേക്ക് നിറഞ്ഞൊഴുകിയ കബനി ഏതാണ്ട് വറ്റിവരണ്ട നിലയിൽ

പുൽപ്പള്ളി: പുൽപ്പള്ളി മേഖലയിൽ വരൾച്ച രൂക്ഷമായി. കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. ജലാശയങ്ങളും പാടെ വറ്റാൻ തുടങ്ങി. കബനി നദിയിൽ ജലനിരപ്പ് ഇനി താഴാനില്ലെന്ന അവസ്ഥയാണ്.

വേനൽ ശക്തമായതോടെ തന്നെ കബനിയിൽ നീരൊഴുക്ക് നിലക്കാൻ തുടങ്ങിയിരുന്നു. അതോടെ പരിസരങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതും നിലച്ചു. ഒപ്പം കുടിവെള്ള പദ്ധതികളുടെ നിലയും പരുങ്ങലിലായി.

പുഴയിൽ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത്‌ തോണിക്കടവുകളിൽ മാത്രമാണ് അല്പമെങ്കിലും വെള്ളം അവശേഷിക്കുന്നത്. കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിൽ നിന്ന് ജലസംഭരണിയിലേക്ക് വെള്ളം അടിച്ചുകയറ്റാൻ പറ്റാതായിരിക്കുകയാണ്.
നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ കബനി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് തീർത്തും മുടങ്ങും. രണ്ട് പഞ്ചായത്തുകളിലെ ആയിരങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്. വയനാടിന്റെ മറ്റു ഭാഗങ്ങളിലെല്ലാം കഴിഞ്ഞ ഒരു മാസത്തിനിടെ ഭേദപ്പെട്ട മഴ ലഭിച്ചപ്പോഴും പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ തീരെ മഴ കിട്ടിയിരുന്നില്ല. നനവ് തീരെ കിട്ടാതായതോടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങാനും തുടങ്ങി. കുറേ വർഷങ്ങൾക്കു ശേഷമാണ് ഈ മേഖലയിൽ വരൾച്ച ഇത്രയേറെ രൂക്ഷമാകുന്നത്.

മുമ്പ് കുടിവെള്ള പദ്ധതിയുടെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ നാട്ടുകാർ കബനിയിൽ താത്കാലികമായി തടയണ കെട്ടിയാണ് വെള്ളമെടുത്തത്. ആ പഴയ സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പ്രദേശവാസികൾ പറയുന്നു.

പുഴയുടെ ഏതാണ്ട് എല്ലാ ഭാഗത്തും പാറക്കെട്ടുകൾ പുറത്തുകാണാവുന്ന നിലയായിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകൾക്ക് നടന്നുപോലും പുഴയ്ക്ക് കുറുകെ കടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പുൽപ്പള്ളി മേഖലയിലാകെ ജലക്ഷാമം രൂക്ഷമായിരിക്കെ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് ആളുകൾ.