charth
പൊൻകുഴി കോളനിയിൽ വീടിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ ചാർത്തുകൾ

സുൽത്താൻ ബത്തേരി: സ്വന്തമായി ഭൂമിയില്ല. വീടുമില്ല. പിന്നെ, സഹജീവികൾ തന്നെ ശരണം. നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി കോളനിയിൽ മറ്റുള്ളവരുടെ വീടിന്റെ മുൻഭാഗം ഒഴിച്ച് ബാക്കി മൂന്ന് ഭാഗവും ഒറ്റമുറി ചാർത്ത് കെട്ടി കഴിയുന്നത് പന്ത്രണ്ട് കുടുംബങ്ങളാണ്.
വീടിന്റെ വശങ്ങളിൽ കമ്പുകൾ മെടഞ്ഞ് മണ്ണ് കുഴച്ച് തേച്ച് ചുമരാക്കി മേൽക്കുര പുല്ല് മേഞ്ഞും ഷീറ്റിട്ടുമാണ് ചാർത്തുണ്ടാക്കുന്നത്. ഈ ഒറ്റമുറി ചാർത്തുകളിൽ പലതിലും ഏഴ് വരെ അംഗങ്ങൾ കഴിഞ്ഞുകൂടുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതും അന്തിയുറക്കവുമെല്ലാം ഈ കുടൂസ് കൂരയിൽ.

കോളനിയിൽ ഗോത്രവർഗക്കാരുടേതായി മുപ്പതോളം വീടുകളാണുള്ളത്. ഇതിലാണ് പന്ത്രണ്ട് കുടുംബങ്ങൾ മറ്റുള്ളവരുടെ വീടിനോട് ചേർന്ന് ചാർത്ത് കെട്ടി കഴിയുന്നത്.
സ്വന്തമായി ഭൂമിയില്ലാത്തതിനാലാണ് ഇവർക്ക് വീട് കിട്ടാത്തത്. ഭൂമിക്കും വീടിനുമായി ഇവർ കയറിയിറങ്ങാത്ത ഓഫീസുകളില്ല. കളക്ടർക്കടക്കം പരാതി നൽകിയിട്ടും ഒരു കാര്യവുമുണ്ടായില്ലെന്ന് കമല, ശോഭ എന്നിവർ പറഞ്ഞു. എല്ലാ വാതിലുകളിലും മുട്ടി. ഇതുവരെ ഒരു വാതിലും തുറന്നില്ലെന്നു മാത്രം.
ഇപ്പോൾ ചാർത്ത് കെട്ടിയിരിക്കുന്ന വീടുകൾ പലതും നാശത്തിന്റെ വക്കിലാണ്. മഴ പെയ്താൽ വീടിനുള്ളിൽ കഴിയാൻ പറ്റാത്ത അവസ്ഥയാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. നിർമ്മാണത്തിലെ അപാകത കാരണം വീടുകളെല്ലാം ചോർന്നൊലിക്കുകയാണ്. ഈ വീടുകളോട് ചേർന്നാണ് ചാർത്ത് കെട്ടിയിരിക്കുന്നത്. മഴ തുടങ്ങിയാൽ ചാർത്തിൽ കഴിയുന്നവരുടെ അവസ്ഥയാണ് വീടുകളിലുള്ളവരുടേതും.