s

പ്രതിസന്ധിയായി രണ്ടാം ലോക്ക്ഡൗൺ

ആലപ്പുഴ: ആദ്യ ലോക്ക്ഡൗൺ ദുരിതങ്ങളിൽ നിന്ന് പിച്ചവച്ച് നടന്നു തുടങ്ങവേ വീണ്ടുമെത്തിയ അടച്ചുപൂട്ടൽ

ജില്ലയിലെ ചെറുകിട നെല്ലുകുത്ത് മില്ലുകളെയും ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകളെയും കടുത്ത പ്രതിസന്ധിയിലാക്കി. വരുമാനത്തിൽ 70 ശതമാനം വരെ ഇടിഞ്ഞതായി ഉടമകൾ പറയുന്നു.

ജില്ലയിലെ മില്ലുകളുടെ എണ്ണം 1800ൽ നിന്ന് 1100 ആയി ചുരുങ്ങി. രണ്ടാം ലോക്ക്ഡൗൺ തുടങ്ങുന്നതോടെ മില്ലുകളുടെ എണ്ണം ഇനിയും കുറയാനാണ് സാദ്ധ്യത. 2000ൽ അധികം തൊഴിലാളികളാണ് മില്ലുകളിൽ ഉണ്ടായിരുന്നത്. രണ്ട് മുതൽ 10 വരെയാണ് തൊഴിലാളികളുടെ എണ്ണം. വീടുകളും ഹോട്ടലുകളും ചായക്കടകളും പാക്കറ്റ് ധാന്യപ്പൊടികളുടെ ഉപഭോക്താക്കളായി. രണ്ട് പൊടിയന്ത്രവും രണ്ട് ആട്ടുയന്ത്രങ്ങളും ഉള്ള മില്ല് പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് മൂന്ന് തൊഴിലാളികൾ വേണം. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുള്ള വരുമാനം പോലും ഇപ്പോൾ കിട്ടുന്നില്ല.

പഞ്ചായത്ത്-നഗരസഭകളും, മലിനീകരണ നിയന്ത്രണ ബോർഡും കെ.എസ്.ഇ.ബിയും തങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് മില്ലുടമകളുടെ പരാതി. നികുതിയും ഫീസും മൂന്നിരട്ടി വർദ്ധിപ്പിച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് പോലും ഒരു ഇളവും നൽകിയിട്ടില്ല. ജില്ലയിൽ ലൈസൻസുള്ള 477 മില്ലുകളും ലൈസൻസ് ഇല്ലാത്ത 623ൽ അധികം മില്ലുകളും പ്രവർത്തിക്കുന്നുണ്ട്. രണ്ട് പൊടി മെഷീൻ, പൊടി വറക്കുന്ന ഒരു മെഷീൻ, നാല് വാട്ട് എക്സ്പല്ലർ, പത്ത് കുതിരശക്തി മോട്ടോർ ഉൾപ്പെടെയുള്ള മില്ല് പുതുതായി ആരംഭിക്കാൻ കുറഞ്ഞത് 12ലക്ഷം രൂപ വേണ്ടി വരും.

പ്രതിസന്ധികൾ

 തൊഴിൽ നികുതി 600ൽ നിന്ന് 1200 രൂപയായി

 ലൈസൻസ് ഫീസ് 100ൽ നിന്ന് 500 രൂപയാക്കി

 കെട്ടിട നികുതിയിൽ മൂന്നിരട്ടി വർദ്ധന

..........................................

 1100: ജില്ലയിൽ ആകെ മില്ലുകൾ

 2000: ആകെ തൊഴിലാളികൾ

 ₹ 500: ഒരാൾക്ക് പ്രതിദിന വേതനം

..............................

ചെറികിട മില്ലുകൾക്ക് ആശ്വാസമായിരുന്നു റേഷൻകട വഴിയുള്ള ഗോതമ്പ് വിതരണം. ഇത് പൊടിപ്പിക്കാൻ ജനങ്ങൾ എത്തുമായിരുന്നു. വായ്പയെടുത്ത് പ്രവർത്തനം ആരംഭിച്ച മില്ലുടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

മരതകബാലൻ, സംസ്ഥാന കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം,

കേരള സ്റ്റേറ്റ് റൈസ് ആൻഡ് ഫ്‌ളവർ മിൽ അസോസിയേഷൻ