നിർമ്മാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം
ആലപ്പുഴ : നഗരത്തിലെ മുപ്പാലം നാല്പാലമാക്കുന്നതിനുള്ള നിർമ്മാണ ജോലികൾ കൊവിഡ് വ്യാപനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കാരണം വൈകുന്നതിനെ തുടർന്ന് ഇടപെടൽ നടത്തി പൊതുമരാമത്ത് വകുപ്പ്. വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാൻ കരാർ കമ്പനിക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.
മുപ്പാലത്തിന്റെ രണ്ട് പാലങ്ങളുടെ പൈലിംഗ് ജോലികൾ പൂർത്തീകരിച്ചു. കോമേഴ്സ്യൽ കനാലിന് കുറുകേ പഴയപാലത്തിന് പകരം നിർമ്മിക്കുന്ന പാലത്തിന്റെ പൈലിംഗ് ജോലികൾആരംഭിച്ചു. വാടക്കനാൽ, കോമേഴ്സ്യൽ കനാലുകളെ ബന്ധിപ്പിക്കുന്ന ഉപ്പുറ്റി കനാലിന് കുറുകേയുള്ള മുപ്പാലത്തിന്റെ വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും പാലങ്ങളുടെ പൈലിംഗ് ജോലികളാണ് പൂർത്തീകരിച്ചത്. വടക്കുഭാഗത്ത് പത്തും തെക്ക് ഭാഗത്ത് ആറും പൈലുകളാണ് ഉള്ളത്. പൈലിംഗ് പൂർത്തീകരിച്ച വടക്കുഭാഗത്തെ പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റ് ജോലികളും തുടങ്ങി. മുപ്പാലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ പൈലിംഗ് നിർമ്മാണം വൈകാതെ ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പൊളിച്ചു നീക്കിയ മുപ്പാലത്തിന് 5.5 മീറ്റർ വീതിയും 23 മീറ്റർ നീളവുമാണുള്ളത്. ഇതേ നീളത്തിൽ 11 മീറ്റർ വീതിയിലാണ് പാലം പുനർനിർമ്മിക്കുന്നത്. മുമ്പുണ്ടായിരുന്ന മൂന്ന് പാലങ്ങളെ ബന്ധിപ്പിച്ച് 26 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പുതിയ പാലം .
ജി.സുധാകരന്റെ പദ്ധതി
മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് പാലം വിഭാഗത്തെ കൊണ്ട് പാലം വികസനത്തിന് പദ്ധതി തയ്യാറാക്കിയത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ 17.44 കോടിയാണ് നിർമ്മാണത്തിന് ചെലവഴിക്കുന്നത്. ഏഴ് മാസം മുമ്പ് നിർമ്മാണം ആരംഭിച്ച പാലങ്ങളുടെ നിർമ്മാണം ഒരു വർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് വ്യാപനം നിർമ്മാണ പ്രവർത്തനങ്ങളിൽ തടസം സൃഷടിച്ചു. വാടക്കനാലിനെയും കോമേഴ്സ്യൽ കനാലിനെയും ബന്ധിപ്പിക്കുന്ന തോട്ടിൽ, മൂന്ന് കരകളെ യോജിപ്പിക്കാനാണ് ആലപ്പുഴയുടെ ചരിത്രത്തിൽ ഇടം പിടിച്ച മുപ്പാലം രാജാ കേശവദാസ് നിർമ്മിച്ചത്.
നാല്പാലം
നിർമ്മാണചെലവ് - ₹17.44കോടി
ആകെ പൈലുകൾ-38
മൂന്ന് പാലങ്ങൾക്ക് നീളം-23മീറ്റർ വീതം
ഒരുപാലത്തിന് നീളം-26മീറ്റർ
വീതി-11മീറ്റർ
ഓവൽ മാതൃകയിലുള്ള പാലങ്ങളുടെ മദ്ധ്യഭാഗത്ത് ലാൻഡ്സ്‌കേപ്പ്
'മുപ്പാലത്തിന്റെ വടക്കേക്കരയിലെയും തെക്കേക്കരയിലേയും പാലത്തിന്റെ പൈലിംഗ് പൂർത്തീകരിച്ചു. മൂന്ന് പാലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ പൈലിംഗ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.
രാധാകൃഷ്ണൻ, അസി.എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്