ചുവപ്പ് നാടയിൽ കുരുങ്ങി
വീയപുരം ഇക്കോടൂറിസം പദ്ധതി
ഹരിപ്പാട്: വീയപുരത്തെ സംരക്ഷിത വനം കേന്ദ്രീകരിച്ച് നടപ്പാക്കാനുദ്ദേശിച്ച ഇക്കോ ടൂറിസം പദ്ധതി ഇഴയുന്നു. ഇതുസംബന്ധിച്ചുള്ള രേഖകൾ ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.
മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പലതവണ വന്നു പോയി. മാറിമാറിവരുന്ന സർക്കാരുകൾ ഇവിടെ ഇക്കോടൂറിസം പദ്ധതി തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താറുണ്ട്. എന്നാൽ പദ്ധതി മാത്രം വന്നില്ല.
കുട്ടികൾക്കുള്ള പാർക്ക്, ആറുകളിലും തോടുകളിലും വഞ്ചികളിലുള്ള സഞ്ചാരം എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സംരക്ഷിത വനത്തിൽ പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദ്ദേശവും ഉണ്ടായിരുന്നു.
ഇത്തവണ ഗ്രാമപഞ്ചായത്ത് ബഡ് ജറ്റിൽ ടൂറിസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബഡ് ജറ്റാണ് അവതരിപ്പിച്ചത്. ആറുകളും തോടുകളും പാടശേഖരങ്ങളും പാലങ്ങളും സന്ദർശകരെ ആകർഷിക്കാൻ വലിയ സാദ്ധ്യത ഉള്ളവയാണ്. അഞ്ഞൂറ് വർഷം പഴക്കമുള്ള തടിഡിപ്പോ ആകട്ടെ അനധികൃത മണൽ വാരൽ മൂലം നാശത്തിന്റെ വക്കിലും. തീരമിടിച്ചിൽ സംരക്ഷിത വനത്തിന് ഭീഷണിയായിട്ടുണ്ട്. ഇപ്പോൾ തടി ഡിപ്പോയുടെ ഭാഗത്തു മാത്രമാണ് സംരക്ഷണ ഭിത്തി നിർമിച്ചിട്ടുള്ളത്. ഇവിടെ സുരക്ഷയ്ക്ക് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. സംരക്ഷിത വനമേഖലയിലേക്ക് ആർക്കും പ്രവേശിക്കാവുന്ന നിലയാണ്. ഇതിനും ഇതുവരെയും പരിഹാരമായിട്ടില്ല. ആറിന്റെ ഇരുകരകളിലുമുള്ള 14.32 ഏക്കർ ഭൂമിയിലാണ് സംരക്ഷിതവനം സ്ഥിതിചെയ്യുന്നത്. പമ്പ, അച്ചൻ കോവിൽ ആറുകൾ സംഗമിക്കുന്ന ഭാഗത്താണ് വനം. ഇതിൽ പടിഞ്ഞാറേ കരയിലാണ് തടി ഡിപ്പോയുടെ ഓഫിസും തേക്കുതടികൾ സൂക്ഷിക്കുന്ന സ്ഥലവും. കിഴക്കേ കരയിലാണ് വനത്തിന്റെ പ്രതീതിയുള്ള സ്ഥലം.
കാടാണെങ്കിലും
കാടല്ല
വനമാണെങ്കിലും കാടുകളിൽ വളരുന്ന മരങ്ങളൊന്നും ഇവിടെയില്ല. 2013 ജൂലൈ 31നാണ് സംരക്ഷിത വനമായി പ്രഖ്യാപിച്ചത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് വീയപുരത്തെ സംരക്ഷിത വനം.
..................
14.32
സംരക്ഷിതവനം സ്ഥിതിചെയ്യുന്നത്
14.32 ഏക്കർ ഭൂമിയിൽ
..................................
എങ്ങനെയെങ്കിലും ഇക്കോടൂറിസം പദ്ധതി നടപ്പാക്കണം. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോഴെങ്കിലും പദ്ധതി ചുവപ്പുനാടയിൽ നിന്നും രക്ഷപ്പെടുമെന്ന് കരുതുകയാണ്.
നാട്ടുകാർ