ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വില കുത്തനെ ഉയർത്തി

ആലപ്പുഴ : കൊവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെ ജില്ലയിൽ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് നേരിടുന്ന ക്ഷാമവും വിലവർദ്ധനവും രോഗികളെ ആശങ്കയിലാക്കുന്നു. ഹൈഫ്ലോഓക്‌സിജൻ സപ്പോർട്ട് നൽകുന്ന നേസൽ കനുലേ, മാസ്‌ക്, നോൺഇൻവാസീവ് വെന്റിലേഷൻ, ഓക്‌സിജൻ കോൺസൻട്രേറ്റർ, പൾസ് ഓക്‌സിമീറ്റർ എന്നിവയ്ക്ക് ഇതിനോടകം 60 ശതമാനത്തിലധികം വില ഉയർന്നു. ഇതിനിടെ സർജിക്കൽ മാസ്കിന് വിതരണക്കാർ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്.

ഇവയ്ക്ക് ആവശ്യക്കാർ കൂടി​യതോടെ എല്ലാവർക്കും എത്തി​ക്കാൻ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഏജൻസികൾക്ക് കഴിയുന്നില്ല. ആശുപത്രികളിലേക്കും സി.എഫ്.എൽ.ടി.സികളി​ലേക്കുമാണ് ഇവയുടെ ആവശ്യം കൂടുതൽ. ശ്വാസകോശ രോഗികൾ താരതമ്യേന കൂടുതലുള്ള കേരളത്തിൽ മുമ്പെങ്ങും ഇല്ലാത്ത വില നൽകി ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങേണ്ട സ്ഥിതിയാണ്.

ആശുപത്രികളിൽനിന്നു മെഡി​ക്കൽ ഉപകരണങ്ങൾ ആവശ്യപ്പെട്ടു വിളിക്കുന്നുണ്ടെങ്കിലും നൽകാൻ സ്റ്റോക്കില്ലെന്നാണ് വിതരണ രംഗത്തുള്ളവർ പറയുന്നത്. ചൈനയിൽനിന്നാണ് ഇത്തരം ഉപകരണങ്ങൾ ഏറെയും ഇറക്കുമതിചെയ്യുന്നത്. ഇന്ത്യയി​ൽ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലാണ് മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളുള്ളത്. പൾസ് ഓക്സിമീറ്റർ റീട്ടയിൽ ഷോപ്പുകാർ തോന്നിയ വിലക്കാണ് വിതരണം ചെയ്യുന്നത്. നിലവിൽ 1700 രൂപയ്ക്കാണ് റീട്ടയിൽ ഷോപ്പുകൾക്ക് പൾസ് ഓക്സിമീറ്റർ നൽകുന്നതെന്നാണ് കമ്പനി​കൾ പറയുന്നത്. കമ്പനിക്കാർ കവറിൽ എം.ആർ.പി​ 3000-4000 രൂപ അച്ചടിച്ച് കൊടുക്കുന്നതി​നാൽ

കച്ചവടക്കാർക്ക് ആവശ്യക്കാരെ ചൂഷണം ചെയ്യാനും അവസരമൊരുക്കുന്നു. പുതിയ സ്റ്റോക്കിനായി മുൻകൂർ പണം നൽകിയവരോട് മേയ് 10നു പൾസ് ഓക്സിമീറ്ററുകൾ എത്തി​ക്കുമെന്നാണ് വിതരണ ഏജൻസികൾ അറി​യി​ച്ചി​ട്ടുള്ളത്.

ഓക്സിജൻ തോത്

താഴ്ന്നാൽ അപകടകരം

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ 95 മുതൽ 100 ശതമാനം വരെയായിരിക്കും രക്തത്തിലെ ഓക്‌സിജൻ തോത്. ഇത് 90 ശതമാനത്തിൽ താഴ്ന്നാൽ അത്തരം അവസ്ഥയെ ഹൈപ്പോസീമിയ എന്ന് വിളിക്കും. അളവ് 80 ശതമാനത്തിനും താഴെ പോവുകയാണെങ്കിൽ ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനം നടക്കില്ല. ഇത് അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിനും ഹൃദയസ്തംഭനത്തിനും വരെ കാരണമായേക്കാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുക, തലവേദന, ക്ഷീണം, ഉയർന്ന രക്തസമ്മർദം, ശരിയായ കാഴ്ചയില്ലാതിരിക്കുക എന്നിവയെല്ലാം ഓക്‌സിജൻ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. കൊവിഡ് രോഗിയുടെ ഓക്‌സിജൻ തോത് 90 ശതമാനത്തിലെത്തിയാൽ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഓക്‌സിജൻ കോൺസൻട്രേറ്ററുകളുടെ വില

കൊവിഡ് വ്യാപനത്തിന് മുമ്പ്... ₹5,000 - 40, 000

നിലവിൽ..................................... ₹ 60, 000 - 96,000

പൾസ് ഓക്സിമീറ്റർ വില

കൊവിഡ്വ്യാപനത്തിന് മുമ്പ്..........₹800

നിലവിൽ..........................................₹2000-4000

മഹാമാരികാലത്ത് ലാഭം നോക്കാതെ മെഡിക്കൽ ഉപകരണങ്ങൾ വിതരണക്കാർ നൽകണം. നിലവിൽ ഷോപ്പുകളിൽ എടുത്തുവച്ച സ്റ്റോക്കുകൾ തീർന്നു. പുതിയ സ്റ്റോക്ക്എത്തുന്നതിൽ വില വ്യതാസമുണ്ട്. കമ്പനിക്കാർ വില ഉയർത്തിയതാണ് കാരണം

(സി.സനൽ,റീട്ടെയിൽ ഔഷധ ഫോറം ചെയർമാൻ)