അമ്പലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുലർച്ചെ മുതൽ പ്രവർത്തിക്കുന്നെന്ന ആരോപണത്തെ തുടർന്ന് അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയിലെ മത്സ്യ ലേല മാർക്കറ്റിൽ പൊലീസ് പരിശോധന നടത്തി. നിരവധി പേർക്കെതിരെ കേസെടുത്തു.

പുലർച്ചെ മൂന്നോടെ പ്രവർത്തനം ആരംഭിക്കുന്ന മാർക്കറ്റിൽ വിവിധ തീരങ്ങളിൽ നിന്നു നൂറുകണക്കിന് ഇൻസുലേറ്റഡ് ലോറികളിലാണ് മീൻ എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർക്ക് ഇവിടെനിന്ന് ലേലം ചെയ്തു കൊടുക്കും. മീൻ വാങ്ങാനായി ആയിരക്കണക്കിന് കച്ചവടക്കാരാണ് പുലർച്ചെ ഇവിടെ എത്തുന്നത്. മാസ്ക് പോലും ധരിക്കാതെ കൂട്ടംകൂടി നിൽക്കും. ദേശീയപാതയോരത്ത് പാർക്കു ചെയ്യുന്ന മത്സ്യം നിറച്ച വാഹനങ്ങളിൽ നിന്നുള്ള മലിനജലം തളംകെട്ടി നിൽക്കുന്നുവെന്നും പരാതിയുണ്ട്. പൊലീസ് പലതവണ നിർദ്ദേശം നൽകിയെങ്കിലും പാലിക്കാൻ ഉടമ തയ്യാറായില്ല. തുടർന്നാണ് ഇന്നലെ പുലർച്ചെ പരിശോധന നടത്തിയത്. അമ്പലപ്പുഴ ഡിവൈ എസ്.പി എം.ജി.സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം സി.ഐ എം.ജി. വിനോദ് കുമാർ, എസ്.ഐ ഹാഷിം, വനിത എസ്.ഐ അനിരൂപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.