tv-r

തുറവൂർ: മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവ് വാഹനപരിശോധനയ്ക്കിടെ കുടുങ്ങി. എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് എട്ടാം വാർഡ് പട്ടിമറ്റം കണിയാംകുടി വീട്ടിൽ കണ്ണനെയാണ് (21) കുത്തിയതോട് സി.ഐ എ.വി.സൈജുവിന്റെ നേതൃത്വത്തിൽ ചമ്മനാട്ട് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോലഞ്ചേരി മെഡിക്കൽ കോളജിന് സമീപം നിന്ന് മോഷ്ടിച്ച സ്പ്‌ളെൻ‌ഡർ ബൈക്കിൽ കുത്തിയതോട്ടിൽ എത്തിയ ഇയാൾ ഇവിടുത്തെ ടു വീലർ വർക്ക് ഷോപ്പിൽ ഈ ബൈക്ക് പണിയാനായി ഏല്പിച്ചിട്ട് ഇവിടെ നിന്ന് മറ്റൊരു യമഹ ബൈക്കെടുത്ത് കടന്നു കളഞ്ഞു. ഈ ബൈക്കിൽ വരുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പറെഴുതിയും ഉപയോഗിക്കുന്നതാണ് ഇയാളുടെപതിവ് .പെരുമ്പാവൂർ, പുത്തൻകുരിശ് പൊലീസ് സ്റ്റേഷനുകളിൽ കണ്ണനെതിരെ സമാനമായ മോഷണക്കേസുകൾ നിലവിലുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് പൊലീസ് വ്യാപകമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എസ്.ഐ. സന്തോഷ് കുമാർ, സി.പി.ഒ മാരായ സതീഷ്, അനീഷ്, ജോമോൻ, അഞ്ജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.