ആലപ്പുഴ: അരിത ബാബുവിൽ നിന്ന് അട്ടിമറി പ്രതീക്ഷിച്ച യു.ഡി.എഫ് കേന്ദ്രങ്ങളെ നിരാശപ്പെടുത്തി അഡ്വ. യു. പ്രതിഭ കായംകുളത്ത് തുടർച്ചയായ രണ്ടാം വിജയം നേടിയപ്പോൾ പലരും അത്ഭുതപ്പെട്ടെങ്കിലും 'തികച്ചും സ്വാഭാവികം' എന്നതായിരുന്നു പ്രതിഭയുടെ പ്രതികരണം. കോൺഗ്രസ് ദേശീയനേതാവ് പ്രിയങ്ക ഗാന്ധി അരിതയുടെ വീട്ടിലെത്തിയപ്പോഴുണ്ടായ ഓളവും ആവേശവും വോട്ടായി മാറുമെന്നും അരിതയുടെ ഗ്രാമീണ പരിവേഷവും അനുകൂല മാദ്ധ്യമ വാർത്തകളും വലിയ വിജയമുണ്ടാക്കുമെന്നുമുള്ള കണക്കുകൂട്ടലാണ് സ്വതസിദ്ധ ശൈലിയിലൂടെ പ്രതിഭ മറികടന്നത്.
തുടക്കം മുതൽ ലീഡ് പ്രതിഭയ്ക്കായിരുന്നു. ഇടയ്ക്ക് അരിത ഒന്ന് തല കാണിച്ചെങ്കിലും പിന്നീട് കാണാനായില്ല. സിറ്റിംഗ് സീറ്റ് നിലനിറുത്തിയെങ്കിലും വിജയാഘോഷം ഇന്നലെ തകഴിയിലെ വീട്ടിലൊതുങ്ങി. ബംഗളൂരുവിൽ നിന്ന് എത്തിയതിനാൽ വീട്ടിൽ ക്വാറന്റൈനിലാണ്. 2006 മുതൽ ഇടതിനൊപ്പം ചേർന്ന് നിൽക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ കായംകുളത്ത് ജില്ലയിൽ തന്നെ വലിയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രതിഭ തെളിയിച്ച ശേഷമാണ് പ്രതിഭ കായംകുളത്തുനിന്ന് ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചത്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വ്യക്തിപരമായും എം.എൽ.എ എന്ന നിലയിലും മണ്ഡലത്തിലുണ്ടാക്കിയ ബന്ധങ്ങളുമാണ് വിജയത്തിനാധാരമെന്ന് പ്രതിഭ പറയുന്നു.
ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.പ്രദീപ് ലാലിനെയാണ് എൻ.ഡി.എ അങ്കത്തിനിറക്കിയത്. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറിയാണ് പ്രദീപ് ലാൽ. അരനൂറ്റാണ്ടിന് ശേഷമാണ് വനിതകൾ കായംകുളത്ത് നേർക്കുനേർ മത്സരിച്ചത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും വനിതകളെയാണ് മത്സരത്തിനിറക്കിയത്. ശേഷം 2021 ലാണ് വീണ്ടും വനിതകൾ നേരിട്ടു മത്സരിച്ചത്. കഴിഞ്ഞ തവണ യു.പ്രതിഭ നേടിയത് 11857 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.