ആലപ്പുഴ: കൊവിഡ് വാക്‌സിനേഷനുള്ള സൗകര്യമൊരുക്കി ആലപ്പുഴ നഗരസഭ. ഓരോ വാർഡിൽ നിന്നും ആദ്യം വാക്‌സിനെടുത്തവരുടെ പേര് വിവരം ശേഖരിച്ച് ആദ്യഡോസ് എടുത്ത തീയതി അടിസ്ഥാനപ്പെടുത്തി വാക്‌സിനേഷനുള്ള ടോക്കൺ കൗൺസിലർമാർ വഴിയും ആരോഗ്യ പ്രവർത്തകർ വഴിയും വീട്ടിലെത്തിച്ചു നൽകിയാണ് തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ടോക്കണുകളിൽ കൃത്യമായ തീയതിയും സമയവും ഏർപ്പെടുത്തിയിരിക്കും. അതാത് ടൈം സ്ലോട്ടുകളിൽ ടോക്കൺ ഉള്ളവർക്ക് മാത്രമാണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനം.രണ്ടാം ഡോസ് വാക്‌സിനേഷൻ ക്യാമ്പ് മുഹമ്മദൻസ് ഗേൾസ് ഹൈസ്‌ക്കൂളിലായിരിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.
ഒന്നാം ഡോസ് വാക്‌സിനേഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി മാത്രമാവും ലഭ്യമാവുക. ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറിയ സാഹചര്യത്തിൽ ജനറൽ ആശുപത്രിയിൽ നടന്നു വന്ന കൊവിഡ് വാക്‌സിനേഷൻ ഒന്നാം ഡോസ് ക്യാമ്പ് നഗരസഭ ശതാബ്ദി മന്ദിരത്തിലും രണ്ടാം ഡോസ് ക്യാമ്പ് ഗവൺമെന്റ് മുഹമ്മദൻസ് ഗേൾസ് സ്‌ക്കൂളിലും നടക്കുന്നതാണ്. ക്യാമ്പകൾ ഇന്നു മുതൽ പ്രവർത്തിക്കുന്നതാണ്. ഒന്നാം ഡോസിന് രജിസ്‌ട്രേഷൻ സന്ദേശം ഫോണിൽ ലഭിച്ചവർക്കും രണ്ടാം ഡോസിന് ടോക്കൺ ലഭിച്ചവർക്കും മാത്രമാവും പ്രവേശനം. ഒരു കാരണവശാലും സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം രണ്ടു ക്യാംപുകളിലുമുണ്ടാവില്ല. ഇതിനു വിരുദ്ധമായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരം കേസെടുക്കുവാൻ ശുപാർശ ചെയ്യുന്നതാണെന്നും തിരക്കൊഴിവാക്കാനുള്ള നടപടികളുമായി സഹകരിക്കണമെന്നും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.