ചേർത്തല: പ്രചരണത്തിൽ രണ്ടു മുന്നണികൾക്കൊപ്പമെത്താനായെങ്കിലും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ വോട്ടുകുത്തനെയിടിഞ്ഞതിന്റെ ആഘാതത്തിൽ ചേർത്തലയിൽ ബി.ജെ.പിയും എൻ.ഡി.എയും. എൽ.ഡി.എഫും യു.ഡി.എഫും കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടിയപ്പോൾ എൻ.ഡി.എയ്ക്ക് ലഭിച്ച വോട്ടിൽ 5052 വോട്ടിന്റെ കുറവാണുണ്ടായത്.
സി.പി.എമ്മിലെ ജനകീയ മുഖത്തെ അടർത്തിയെടുത്ത് സംസ്ഥാനതലത്തിൽ തന്നെ തന്ത്റപരമായ നീക്കം നടത്തി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടും എൻ.ഡി.എയ്ക്ക് നേടാനായത് 14562 വോട്ടുമാത്രമാണ്.രണ്ടു വർഷം മുമ്പു നടന്ന ലോകസഭാതിരഞ്ഞെടുപ്പിലും മാസങ്ങൾക്കു മുമ്പു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലാകെ 23000ത്തോളം വോട്ട് മുന്നണി നേടിയിരുന്നു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസ് നേടിയ19614 ന് അടുത്തെത്താനും പാർട്ടിക്കായില്ല. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.എസ്. ജ്യോതിസായിരുന്നു ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർത്ഥി.
സംസ്ഥാനത്താകെ ഉണ്ടായ ഇടതുതരംഗത്തിന്റെ ഭാഗമായാണ് വോട്ടുകുറഞ്ഞതെന്നും ഏതൊക്കെ മേഖലയിലാണ് കുറവുണ്ടായതെന്നു പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്നും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ്മാപ്പറമ്പിൽ പറഞ്ഞു.വോട്ടുകുറഞ്ഞതിനെ കുറിച്ചു മുന്നണി പരിശോധിക്കുമെന്ന് സ്ഥാനാർത്ഥി പി.എസ്.ജ്യോതിസും പ്രതികരിച്ചു.