photo
ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത് ഫയർഫോഴ്സ് സംഘം അണക്കുന്നു

ആലപ്പുഴ: യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചത് പരഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴയിൽ നിന്ന് മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്നതിനിടയിൽ ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ഫെഡറൽ ബാങ്കിന് മുൻഭാഗത്ത് എത്തിയപ്പോൾ ഓട്ടോയുടെ പിൻസീറ്റിനടിയിൽ എൻജിൻ ഭാഗത്ത് നിന്നുമാണ് പുകവരാൻ തുടങ്ങിയത്.

ഉടൻ യാത്രക്കാരെ ഇറക്കിയശേഷം ഫയർഫോഴ്‌സിനെ വിളിക്കുകയും തൊട്ടടുത്ത കടകളിൽ നിന്നും വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെ വേഗത്തിലെത്തിയ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചതിനാൽ ഓട്ടോയുടെ ഇന്ധന ടാങ്കിലേയ്ക്ക് തീ പടർന്ന് വലിയ അപകടം ഉണ്ടാകാതെയും ഓട്ടോ പൂർണമായും കത്തി നശിക്കാതെയും സംരക്ഷിക്കുവാൻ കഴിഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.ഗിരീഷ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ആർ.ജയസിംഹൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.