ചേർത്തല: ചേർത്തലയിൽ കടുത്ത വെല്ലുവിളി ഉയർത്തിയ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി എസ്.ശരത്തിനെ 6148 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മറികടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം പി. പ്രസാദിന്റെ വിജയം മുന്നണിയുടെ അഭിമാനമായി. സി.പി.എം വിട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ഡി.ജെ.എസിലെ പി.എസ്.ജ്യോതിസിന് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കാനായില്ല.
തുടർച്ചയായി നാലാം തവണയാണ് ചേർത്തലയിൽ എൽ.ഡി.എഫ് വിജയിക്കുന്നത്. മന്ത്രി പി.തിലോത്തമന്റെ രാഷ്ട്രീയ വിജയം കൂടിയായാണ് ഇത് വിലയിരുത്തുന്നത്. കഞ്ഞിക്കുഴിയിലും മുഹമ്മയിലും വയലാറിലും തണ്ണീർമുക്കത്തും ചേർത്തല നഗരസഭയിലും പട്ടണക്കാട്ടും എൽ.ഡി.എഫ് ലീഡ് നേടിയപ്പോൾ ചേർത്തല തെക്കിലും കടക്കരപ്പളളിയിലും മാത്രമായിരുന്നു യു.ഡി.എഫിനു മുൻതൂക്കം.
2016ൽ ഭക്ഷ്യ മന്ത്റി പി.തിലോത്തമൻ 7196 വോട്ടിനാണ് ചേർത്തലയിൽ ജയിച്ചത്.മൂന്നു തവണ ചേർത്തലയിൽ വിജയിച്ച പി.തിലോത്തമനെ മത്സരരംഗത്തു നിന്നു മാറ്റിയാണ് പി. പ്രസാദിനെ രംഗത്തിറക്കിയത്.
2016ൽ എൻ.ഡി.എയ്ക്കായി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി പി.എസ്.രാജീവ് 19,614 വോട്ടു നേടിയപ്പോൾ ഇക്കുറി പി.എസ്.ജ്യോതിസിന് നേടാനായത് 14,562 വോട്ടു മാത്രമാണ്. 2016ൽ 81,197 വോട്ടുനേടിയ എൽ.ഡി.എഫ് വോട്ടുവിഹിതം 83,702 ആക്കിയപ്പോൾ എസ്.ശരത് കഴിഞ്ഞ തവണത്തെ വോട്ട് 74,001ൽ നിന്നു 77,554ലേക്കുയർത്തി. ഭൂരിപക്ഷം 7196ൽ നിന്ന് 6148ലേക്കു കുറഞ്ഞു.
ആകെ വോട്ട് 2,13,276
ഭൂരിപക്ഷം: 6148
പോൾ ചെയ്തത്: 178005
പി. പ്രസാദ്, എൽ.ഡി.എഫ്: 83702
എസ്.ശരത്, യു.ഡി.എഫ്: 77554
പി.എസ്.ജ്യോതിസ്, എൻ.ഡി.എ: 14562