ആലപ്പുഴ: വിവാദങ്ങളുടെ ചുഴിയിൽ നിരവധി തവണ അകപ്പെട്ടെങ്കിലും ജനങ്ങൾ എൽ.ഡി.എഫ് സർക്കാരിനെ കൈവിടാതെ കൈവെള്ളയിൽ ഉയർത്തിപ്പിടിച്ചു കൊണ്ടുവന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തലയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സർക്കാരിന്റെ നന്മയുടെ വിജയമാണിത്. അന്നവും ക്ഷേമവും തന്ന് സഹായിച്ച സർക്കാരിന് അടിസ്ഥാനവർഗം നൽകിയ വിജയം കൂടിയാണിത്. ഇടതുപക്ഷ സർക്കാർ എന്നാൽ പാവപ്പെട്ടവന്റെ സർക്കാരാണ്. നിരവധി എം.എൽ.എമാരെ മാറ്റി നിറുത്തി പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എൽ.ഡി.എഫ് തോൽക്കുമെന്ന് പലരും കരുതി. എന്നാൽ, ഈ മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കുണ്ടറയിൽ മേഴ്സിക്കുട്ടി അമ്മയുടേത് അർഹതപ്പെട്ട പരാജയമാണ്. പേരു കൊണ്ട് മേഴ്സിയാണെങ്കിലും മേഴ്സി ഇല്ലാത്ത മന്ത്രിയായിരുന്നു അവർ. അക്കാര്യം പെരുമാറ്റത്തിൽ വ്യക്തമാണ്. അതുകൊണ്ടാണ് മുപ്പതിനായിരം വോട്ടിന് കഴിഞ്ഞ തവണ വിജയിച്ച മേഴ്സികുട്ടി അമ്മ ഇത്തവണ പരാജയപ്പെട്ടത്. അവർക്ക് ജനകീയ മുഖമില്ല. ബൂർഷ്വാ മനോഭാവമാണുള്ളത്. കെ.ടി.ജലീലിന്റെ ജയം സാങ്കേതികമായി പരാജയമാണ്. ചെറിയ ഭൂരിപക്ഷമാണുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ജലീൽ മലപ്പുറത്തിന്റെ മന്ത്രി മാത്രമായിരുന്നു. അതിന്റെ ദൈവശിക്ഷ ലഭിച്ചു. ഇരുവർക്കും ഷോക്ക്ട്രീറ്റ്മെന്റ് ലഭിച്ചത് സന്തോഷിപ്പിക്കുന്നു.
എത്ര വയസായാലും കസേരയിൽ നിന്ന് മാറില്ലെന്നത് അവകാശമാക്കിയവർക്ക് ജനം കൊടുത്ത താക്കീതാണ് തിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിന്റേത് ദയനീയ പരാജയമാണ്. ആലപ്പുഴ ജില്ലയിലെ തോൽവിയിലും സന്തോഷമുണ്ട്. പല കോൺഗ്രസുകാരെയും ഞാൻ അടുപ്പിക്കാറില്ല. അവർ എന്നെ ദ്രോഹിക്കാനും തകർക്കാനും ശ്രമിച്ചു. എന്നോട് ക്രൂരത കാണിച്ച ഒറ്റ കോൺഗ്രസുകാരനും ആലപ്പുഴ ജില്ലയിൽ നിന്ന് ജയിച്ചിട്ടില്ല. ആക്ഷേപിച്ചും അധിക്ഷേപിച്ചും എന്റെ ചോരയ്‌ക്കു വേണ്ടി ദാഹിച്ചവരാണ് കോൺഗ്രസുകാർ. എന്നാലും ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ കേരളത്തിലെ അധ:പതനത്തിൽ ദുഖമുണ്ട്. ആർക്കും വേണ്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതിൽ അവരുടെ നയത്തിന്റെ അഭാവമുണ്ട്. തെറ്റുതിരുത്താൻ കോൺഗ്രസ് തയ്യാറാവണം. കോൺഗ്രസ് അടിസ്ഥാന വർഗക്കാരെയും ഈഴവരെയും അവഗണിക്കുന്നു. എന്നാൽ, ഇടതുപക്ഷം പിന്തുണ നൽകി. തിരഞ്ഞെടുപ്പിൽ ഈഴവരെ പരിഗണിക്കുകയും ജയിപ്പിക്കുകയും ചെയ്‌തു'- വെള്ളാപ്പള്ളി പറഞ്ഞു.
സുകുമാരൻ നായരെന്നാൽ 'നന്ദികേട്'
താൻ ഒരിക്കലും പിണറായി വിജയന്റെ ഒൗദാര്യത്തിന് പോയിട്ടില്ല. എന്നാൽ, സുകുമാരൻ നായർ കയറിയിറങ്ങി. എല്ലാം കഴിഞ്ഞിട്ട് അവർക്കിട്ട് കുത്തി. 'ചങ്ങനാശേരി തമ്പ്രാൻ' സുകുമാരൻ നായരെന്നാൽ നന്ദികേടാണ്. എൻ.എസ്.എസിന്റെ പ്രസക്‌തി നഷ്‌ടമായി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യം ബി.ജെ.പി കൈവരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.