ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒമ്പതിൽ എട്ടു മണ്ഡലങ്ങളും നഷ്ടപ്പെട്ടെങ്കിലും 2016ൽ ലഭിച്ച തിനേക്കാൾ അരലക്ഷത്തോളം വോട്ടുകൾ അധികമായി യു.ഡി.എഫിന് നേടാനായി. എന്നാൽ ഉപതിരഞ്ഞെടുപ്പിലൂടെ കൈവശമെത്തിയ അരൂർ സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ജയിക്കാനായില്ലെങ്കിലും ആലപ്പുഴയിലും അമ്പലപ്പുഴയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കുറഞ്ഞു. അരൂരിൽ 2019ലെ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് ലഭിച്ചത് 69,356 വോട്ടുകളാണ്. ഇക്കുറിയത് 68,604 ആയി ചുരുങ്ങിയെങ്കിലും 2016ൽ ലഭിച്ച 46,201നേക്കാൾ 22403 വോട്ടുകൾ വർദ്ധിച്ചു. ചേർത്തലയിൽ 74,001ൽ നിന്നും 77,554 വോട്ടുകളായി ഉയർന്നു. ആലപ്പുഴയിൽ 52,179-ൽ നിന്നും 61768ആയും അമ്പലപ്പുഴയിൽ 40,448ൽ നിന്നും 50,240 ആയും ഉയർന്നു. കുട്ടനാട്ടിൽ 2016ലുണ്ടായിരുന്ന 45223 വോട്ടെന്നത് ഇക്കുറി 51,863 ആയി. മാവേലിക്കരയിൽ 43013ൽ നിന്ന് 47,026 ആയും കായംകുളത്ത് 61099 ൽ നിന്ന് 71,050 ആയും വോട്ട് വർദ്ധിച്ചു. ഹരിപ്പാടും ചെങ്ങന്നൂരുമാണ് വോട്ടുകളിൽ കുറവുണ്ടായത്. ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് 2016ൽ ലഭിച്ച 75,980 വോട്ടുകൾ ഇത്തവണ 72,768 ആയി കുറഞ്ഞു. ചെങ്ങന്നൂരിൽ 2016ൽ 44897 വോട്ടും 2018ലെ ഉപതിരഞ്ഞെടുപ്പിൽ 46,347 വോട്ടുമെന്നതായിരുന്നു നില. ഇക്കുറിയത് 39,309 ആയി കുറഞ്ഞു.