s

ആലപ്പുഴ: നിയമസഭയിലേക്ക് കന്നിപ്പോരാട്ടത്തിനിറങ്ങി വിജയം സ്വന്തമാക്കിയ വലിയൊരു നിരയാണ് ജില്ലയിലുള്ളത്. ആകെയുള്ള ഒമ്പത് വിജയികളിൽ അഞ്ചുപേരും പുതുമുഖങ്ങൾ. മൂന്ന് മന്ത്രിമാരെ കരയ്ക്കിരുത്തി എൽ.ഡി.എഫ് മത്സരത്തിനിറങ്ങിയപ്പോൾ ആദ്യം എല്ലാവരും അത്ഭുതപ്പെട്ടു. പക്ഷേ, റിസൽട്ട് വന്നതോടെ ഇതെല്ലാം മാറി. ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ എച്ച്.സലാം, അരൂരിൽ ദലീമ ജോജോ, മാവേലിക്കരയിൽ എം.എസ്.അരുൺ കുമാർ, കുട്ടനാട്ടിൽ തോമസ് കെ.തോമസ് എന്നിവരാണ് കന്നിപ്പോരാട്ടത്തിൽ വിജയസോപാനം കയറിയത്. മണ്ഡലത്തിൽ തങ്ങളുടെ മുൻഗാമികൾ തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് ഇവരെല്ലാം ഊന്നൽ നൽകുന്നത്.

നെഹ്റു ട്രോഫി വാർഡിൽ പാലം പണിയും : ചിത്തരഞ്ജൻ

മന്ത്രി ടി.എം. തോമസ് ഐസക് തുടങ്ങിയ ആലപ്പുഴയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികളുടെ പൂർത്തീകരണമാണ് ആദ്യം യാഥ്യർത്ഥ്യമാക്കുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ വ്യക്തമായ പ്ലാൻ ഉടൻ തയ്യാറാക്കും. ഇത് കൂടാതെ ആലപ്പുഴയിലെ സാധാരണ ജനങ്ങൾ പാർക്കുന്ന നെഹ്റു ട്രോഫി വാർഡിൽ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണും . സാങ്കേതിക തടസങ്ങൾ നീക്കി ജനങ്ങൾക്ക് ഗതാഗത മാർഗം സുഗമമാക്കാൻ പാലം പണിയും. ചെത്തിയിലെ ഫിഷിംഗ് ഹാർബറിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കും. ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് ചെട്ടികാട് ആശുപത്രി യാഥാർത്ഥ്യമാക്കും. ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ മൊബിലിറ്റി ഹബിന്റെ പണികൾ ഉടൻ ആരംഭിക്കും.

കാപ്പിത്തോടിന് ശാശ്വത പരിഹാരം : എച്ച്.സലാം

മന്ത്രി ജി.സുധാകന്റെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനത്തിന്റെ തുടർച്ചയാണ്

എച്ച്.സലാമിന്റെ ലക്ഷ്യം. അമ്പലപ്പുഴയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ കാപ്പിത്തോട്ടിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണും. ആരോഗ്യ,തീരദേശ മേഖലയിൽ വികസന പദ്ധതികൾ നടപ്പാക്കും. ഉടൻ തന്നെ വ്യക്തമായ നടപടി ക്രമങ്ങൾ ആരംഭിക്കും.

രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കും : തോമസ്.കെ.തോമസ്

തോമസ് ചാണ്ടിയുടെ പിന്തുടർച്ചക്കാരനായാണ് ജനമനസിൽ ഇടം നേടിയത്. ചുരുങ്ങിയ കാലം കൊണ്ട് കുട്ടനാടിന്റെ പ്രധാന പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകാനുള്ളത്. രണ്ടാം കുട്ടനാട് പാക്കേജ് കാര്യക്ഷമമായി നടപ്പാക്കും. ഇതിന് മുഖ്യമന്ത്രിയുടെ സഹായത്തോടെ പ്രത്യേക ടീമിനെ സജ്ജമാക്കും. കുട്ടനാടിനെ കുടിവെള്ള പ്രശ്നത്തിന് 6 മാസം കൊണ്ട് പൂർണമായി പരിഹാരം കാണും. ഇടറോഡുകളും ഗ്രാമപ്രദേശങ്ങളിലെ റോഡുകളിൽ ഗതാഗതയോഗ്യമാക്കും.

വെള്ളക്കെട്ടിന് പരിഹാരം : ദലീമജോജോ

മുൻ എം.എൽ.എ എ.എം.ആരിഫ് മണ്ഡലത്തിൽ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കും. മാക്കേക്കടവ്, കാക്കത്തുരുത്ത് പാലം പണികൾ ഉടൻ ആരംഭിക്കും. അരൂരിലെ പ്രധാന പ്രശ്നമാണ് വെള്ളക്കെട്ട്. പള്ളിത്തോട് 18-ാം വാർഡ് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് തടയാൻ ശ്വാശത പരിഹാരം കാണും.

കുടിവെള്ള പ്രശ്നത്തിന് പരിഹാരം : എം.എസ്.അരുൺകുമാർ

മാവേലിക്കര ഗവ.ആശുപത്രിയുടെ വികസനത്തിന്റെ പൂർത്തീകരണമാണ് പ്രധാന ചുവടുവയ്പ്. ആരോഗ്യ മേഖലയെ മികവുറ്റ രീതിയിൽ കൊണ്ടുവരണം. അത്യാധുനിക സ്റ്റേഡിയം ഉൾപ്പടെ മാവേലിക്കരയിൽ കൊണ്ടുവരും .കായിക രംഗത്ത് ജില്ലയിൽ വികസന കുതിപ്പ് ഉണ്ടാകണം. കുടിവെള്ള പ്രശ്നത്തിന് സമ്പൂർണ പരിഹാരം കാണും. ഒാണാട്ടുകരയിലെ കർഷർക്കായി പ്രത്യേക പദ്ധതി നടപ്പാക്കും.