ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ 52 വാർഡുകളിലെ 50000 ത്തോളം വരുന്ന വീടുകളിൽ 8 ന് മാസ് അണു നശീകരണ യജ്ഞം നടത്താൻ നഗരസഭ തീരുമാനിച്ചു. അണു നശീകരണ വസ്തുക്കളടങ്ങിയ പ്രത്യേക ആയുർവേദ ചൂർണ്ണം 6, 7 തീയതികളിലായി എല്ലാ വീടുകളിലും വിതരണം ചെയ്യുകയും 8 ന് വൈകിട്ട് ധൂമസന്ധ്യയായി ആചരിക്കുകയും ചെയ്യും. കൊവിഡ് വിരുദ്ധ ബോധവത്കരത്തിനായി 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നഗരസഭ നടത്തുന്ന ഓൺ ലൈൻ മത്സരം വിജയിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. ജാഗ്രതാ സമിതി പ്രവർത്തനം ഊർജ്ജിതപ്പെടുത്തുകയും ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്ന് വിതരണം ശക്തിപ്പെടുത്തുകയും ചെയ്യും. നഗരസഭയുടെ നേതൃത്വത്തിൽ സ്പോട്ട് രജിസ്ട്രേഷനില്ലാതെ നേരത്തെ വിതരണം ചെയ്യുന്ന ടോക്കൺ മുഖാന്തിരമുള്ള രണ്ടാം ഡോസ് വാക്സിനേഷൻ വിജയകരമെന്ന് കൗൺസിൽ വിലയിരുത്തി. കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിലേയ്ക്കായി ടെലി കൗൺസിലിംഗ് ഏർപ്പെടുത്തി. 854743 1610 എന്ന നമ്പരിൽ വിളിക്കാം. ആശാ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ബീനമേശ്, ആർ.വിനീത, എം.ജി.സതീദേവി,കെ.ബാബു, എ.ഷാനവാസ്.ബിന്ദു തോമസ് ,ബി. നസീർ, റീഗോ രാജു, ഹരികൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത്, ഗോപിക വിജയപ്രസാദ്, കൊച്ചുത്രേസ്യ ടീച്ചർ എന്നിവർ സംസാരിച്ചു.