ചേർത്തല: യു.ഡി.എഫിന് എന്നും മുൻതൂക്കം നൽകിയ തീരപ്രദേശം ഇത്തവണ മാറിചിന്തിച്ചത് എൽ.ഡി.എഫിന് നേട്ടമായി. എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും തീരദേശം എൽ.ഡി.എഫിനെ പിന്തുണച്ചു. പ്രതീക്ഷിച്ച ഭൂരിപക്ഷത്തിലേക്കെത്താനായില്ലെങ്കിലും പി.പ്രസാദിന് 6148 വോട്ടിന്റെ വിജയമുറപ്പിക്കാനായത് തിരദേശത്തിന്റെ സഹായത്താലാണെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മന്ത്രി പി.തിലോത്തമൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തീരദേശങ്ങളിൽ 3500ലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു. കഞ്ഞിക്കുഴിയും മുഹമ്മയും തണ്ണീർമുക്കവും പിന്തുണച്ചതാണ് 2016ൽ തിലോത്തമനെ വിജയിപ്പിച്ചത്.
ഇത്തവണ തീരദേശ പഞ്ചായത്തുകളായ ചേർത്തല തെക്ക്,പട്ടണക്കാട്,കടക്കരപ്പള്ളി എന്നിവിടങ്ങളിലായി 6000 മുതൽ 7000 വരെ വോട്ടിന്റെ മുൻതൂക്കമാണ് യു.ഡി.എഫ് കണക്കാക്കിയിരുന്നത്.എന്നാൽ ചേർത്തലതെക്ക്,കടക്കരപ്പള്ളി പഞ്ചായത്തുകളിൽനിന്നായി കിട്ടിയത് 1609 വേട്ടിന്റെ മാത്രം ഭുരിപക്ഷം. യു.ഡി.എഫ് അട്ടിമറി വിജയം നേടിയ പട്ടണക്കാട് പഞ്ചായത്തിൽ 147 വോട്ട് പിന്നിലുമായി.
ശക്തികേന്ദ്രങ്ങളായ വയലാറിലും കഞ്ഞിക്കുഴിയിലും മുഹമ്മയിലും ഭുരിപക്ഷം നേടിയെങ്കിലും പ്രതീക്ഷകൾക്കൊപ്പം കണക്കുകൾ ഉയർന്നില്ലെന്നത് എൽ.ഡി.എഫ് ഭൂരിപക്ഷം കുറയാനിടയാക്കി.ഇവിടങ്ങളിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിലേക്കു മറിഞ്ഞതായാണ് കണക്കാക്കുന്നത്.
കഞ്ഞിക്കുഴിയിൽ 3825,മുഹമ്മ 1524,പട്ടണക്കാട് 147,വയലാർ 1211, എന്നിങ്ങനെയാണ് എൽ.ഡി.എഫ് ഭൂരിപക്ഷം. ചേർത്തലനഗരത്തിലും തണ്ണീർമുക്കത്തുമായി 1178 വോട്ടിന്റെയും മുൻതൂക്കവും നേടാനായി. കഞ്ഞിക്കുഴിയിലും മുഹമ്മയിലുമായി 6500 ലധികം വോട്ടിന്റെ മേൽകൈയാണ് എൽ.ഡി.എഫ് കണക്കാക്കിയിരുന്നത്.വയലാറിൽ 1500ലധികം വോട്ട് ഭൂരിപക്ഷവും പ്രതീക്ഷിച്ചിരുന്നു. തണ്ണീർമുക്കത്തും ചേർത്തല നഗരസഭയിലും കണക്കാക്കിയിരുന്ന മുന്നേറ്റം പാതിയിലേക്കും കുറഞ്ഞു.
നഗരസഭയിലെ നെടുമ്പ്രക്കാട് 63-ാം ബൂത്തിൽ 586 വോട്ടു നേടിയതാണ് എൽ.ഡി.എഫിന്റെ ഉയർന്ന ബൂത്തുതലവോട്ട്.
എൻ.ഡി.എ വിരലിലെണ്ണാവുന്ന ബൂത്തുകളിൽ മാത്രമാണ് 100 കടന്നത്.തണ്ണീർമുക്കത്ത് 138ാം ബൂത്തിൽ 198 വോട്ടാണ് ഏറ്റവും ഉയർന്നത്.ചേർത്തല തെക്കിലെ അർത്തുങ്കലിലെ 123ാം ബൂത്തിൽ ഒരു വോട്ടുമാത്രമാണ് എൻ.ഡി.എയ്ക്ക് നേടാനായത്. എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷത്തിൽ യുവാവു മരിച്ച വയലാറിലും എൻ.ഡി.എ പിന്നാക്കം പോയി. ബി.ഡി.ജെ.എസ് മത്സരിച്ച ചേർത്തലയിൽ പരമ്പരാഗത ബി.ജെ.പി വോട്ടിൽ കാര്യമായ ചോർച്ച ഉണ്ടായതായാണ് വിലയിരുത്തൽ.