ആലപ്പുഴ: ശനി​, ഞായർ കർഫ്യുവി​ന് പി​ന്നാലെ ലോക്ക് ഡൗണി​ന് സമാനമായി​ നി​യന്ത്രണങ്ങൾ കടുപ്പി​ച്ചതോടെ റംസാൻ വി​പണി​ക്ക് തി​രി​ച്ചടി​യായി​രി​ക്കുകയാണ്. റംസാൻ പത്തിലേക്ക് കടന്ന സാഹചര്യത്തിൽ കച്ചവടം സജീവമായി വരവേയാണ് നിയന്ത്രണങ്ങൾ പിടിമുറുക്കിയത്.

വിപണി മുൻകൂട്ടി കണ്ട് വൻതോതിൽ സ്റ്റോക്കെടുത്ത വ്യാപാരികൾ വെട്ടിലായി​രി​ക്കുകയാണെന്ന് പറയാം. ഒമ്പതാം തിയതിക്ക് ശേഷം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോയെന്ന് ആശങ്കയുള്ളതിനാൽ വിശ്വാസികളിൽ പലരും റംസാൻ പുതുവസ്ത്രങ്ങളുൾപ്പടെ ഇതിനകം വാങ്ങിക്കഴിഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചാൽ പത്ത്, പതിനൊന്ന് തിയതികളിൽ വിപണി വീണ്ടും ഉണരും. ഈദുൽഫിത്തറിന് തൊട്ട്മുമ്പുള്ള ഒരാഴ്ച്ചയാണ് സാധാരണ റംസാൻ വിപണി സജീവമാകാറുള്ളത്. പ്രളയവും, കൊവിഡും മൂലം ഏതാനും വർഷങ്ങളായി ആഘോഷവിപണിയിൽ നഷ്ടക്കച്ചവടമാണെന്ന് വ്യാപാരികൾ പറയുന്നു. മത്സ്യ - മാംസാദി​കളുടെ കച്ചവടത്തിന് വിലക്കില്ലെങ്കിലും പുറത്തിറങ്ങുന്നതിന് ആളുകൾ മടിക്കുന്നതിനാൽ വിൽപനയിൽ മടുപ്പുണ്ട്. ഓൺലൈൻ സേവനവും ഹോം ഡെലിവറി സംവിധാനവുമുള്ള വ്യാപാരികൾക്കാണ് പൊതുവേ കച്ചവടം ലഭിക്കുന്നത്.

ഡിമാൻഡ് കുറഞ്ഞ്

നോമ്പുതുറ വിഭവങ്ങൾ

റംസാൻ സീസണിൽ മികച്ച വരുമാനമാണ് നോമ്പുതുറ വിഭവങ്ങൾ വിൽക്കുന്ന ബേക്കറികളിൽ ലഭിച്ചിരുന്നത്. എന്നാൽ എത്രപേർ വിഭവങ്ങൾ വാങ്ങാനെത്തുമെന്ന് യാതൊരു ധാരണയുമില്ലാത്തതിനാൽ പലരും വിഭവങ്ങൾ തയാറാക്കുന്നത് നിർത്തിവെച്ചു. ഒരു ദിവസത്തിൽ കൂടുതൽ ആയുസില്ലാത്ത വിഭവങ്ങൾ കൂടുതൽ തോതിൽ തയാറാക്കിവെയ്ക്കുന്നതും നഷ്ടമാണ്.

.......................

റംസാൻ സീസണായതിനാൽ ദിവസത്തിൽ മൂന്ന് മണിക്കൂറെങ്കിലും പ്രവ‌ത്തനാനുമതി ലഭിച്ചാൽ ചെറിയ കച്ചവടം ലഭിക്കാൻ സാധ്യതയുണ്ട്. പെരുന്നാൾ പ്രമാണിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ വിറ്റഴിക്കപ്പെടാതിരിക്കുന്നത് വൻ നഷ്ടം വരുത്തിവെയ്ക്കും. -

നിസാ‌ർ, വ്യാപാരി

നിയന്ത്രണങ്ങൾക്കിടയിലും ഏറെ പ്രയാസപ്പെട്ടാണ് റംസാൻ സ്പെഷ്യൽ വസ്ത്രങ്ങൾ വിപണിയിലെത്തിച്ചത്. സ്കൂൾ , കല്യാണ സീസണുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ, റംസാൻ വിപണിയിലാണ് പ്രതീക്ഷവെച്ചിരുന്നത്. കടം വാങ്ങി വിപണിയിലെത്തിച്ചവ വിറ്റഴിക്കപ്പെട്ടില്ലെങ്കിൽ ജീവിതം പ്രതിസന്ധിയിലാകും

മുഹമ്മദ് യൂസഫ്, വസ്ത്ര വ്യാപാരി

ഇറച്ചിക്കോഴിയുടെയും ബീഫിന്റെയും മത്സ്യത്തിന്റെയും വ്യാപാരത്തിന് നിയന്ത്രണമില്ല. എന്നാൽ പഴയത് പോലെ സാധനം വാങ്ങാൻ ഉപഭോക്താക്കളെത്തുന്നില്ല. പെരുന്നാൾ ദിനത്തോടനുബന്ധിച്ച് കച്ചവടം ഉഷാറാകുമെന്നാണ് പ്രതീക്ഷ.

നസീൻ, പൗൾട്രി മേഖല

.....................