auto

ആലപ്പുഴ: ആദ്യ ലോക്ക്ഡൗൺ​ ആഘാതം മറി​കടന്ന് ഒന്നു സജീവമായി​ വരി​കയായി​രുന്നു ഓട്ടോ സ്റ്റാൻഡുകൾ. ഇതി​നി​ടെ അശനി​പാതം പോലെ വീണ്ടുമെത്തി​യ കൊവി​ഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും എങ്ങനെ അതി​ജീവി​ക്കുമെന്ന് അറി​യാതെ കുഴങ്ങുകയാണ് ഡ്രൈവർമാർ.

കൊവിഡ് ത്വരി​ത വ്യാപന പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞത് ഓട്ടോറിക്ഷ തൊഴിലാളികളെയാണ് വല്ലാതെ ബാധി​ച്ചത്. ഉച്ചവരെ സ്റ്റാൻഡി​ൽ കി​ടന്നാൽ മി​നി​മം ഓട്ടമെങ്കി​ലും ഒന്ന് കി​ട്ടി​യാലായി​. ചി​ല ദി​വസങ്ങളി​ൽ അതുമി​ല്ല. ടാക്സി​ക്കാരുടെ അവസ്ഥയും ഇതുതന്നെ. ബോധവത്കരണങ്ങൾ ഉൾക്കൊള്ളുന്ന പൊതുജനം യാത്രകൾ പരമാവധി ഒഴിവാക്കുമ്പോൾ വഴിയാധാരമാവുന്നത് ഓട്ടോ, ടാക്സി തൊഴിലാളികളാണ്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ഒരു മാസത്തോളം വീട്ടിൽത്തന്നെയായിരുന്നു തൊഴിലാളികളിൽ ഭൂരിഭാഗവും. വീട്ടിലേക്ക് എന്തെങ്കിലുമൊന്ന് വാങ്ങിക്കൊണ്ടു പോകാനുള്ള തുക പോലുമില്ലാതെയാണ് ഡ്രൈവർമാർ വണ്ടിയുമായി വൈകുന്നേരങ്ങളിൽ മടങ്ങുന്നത്. ദിവസ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ അവസ്ഥ ഇതിലും ഗതികേടിലാണ്. ഇന്ധനവില, ഇൻഷ്വറൻസ്, റോഡ് നികുതി എന്നിവയിൽ നട്ടം തിരിയുമ്പോൾ ഓട്ടം ഇല്ലാത്തത് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു. ആരെങ്കിലും ഓട്ടം വിളിച്ചാൽ കൊവിഡ് രോഗഭീതിയാണ് മറ്റൊരു ദുരന്തം. കൊവിഡ് രോഗികളുമായി യാത്ര ചെയ്താൽ 14 ദിവസം ക്വാറന്റൈനിൽ പോകണം.

ജില്ലയിൽ കൊവിഡ് സമൂഹവ്യാപനവും കൂടുതലാണ്. യാത്രക്കാരിൽ പലരും സത്യം വെളിപ്പെടുത്താറില്ലെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. പൊതുജനങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറിയില്ലെങ്കിൽ ഗൃഹനാഥൻമാരായ തങ്ങൾ പ്രതിസന്ധിയിലാകുമെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. ജില്ലയിലെ ഓട്ടോ ഡ്രൈവർമാരിൽ 40 ശതമാനം പേരും പ്രായം ചെന്നവരാണ്. കുടുംബം പോറ്റാൻ നിർവാഹമില്ലാത്ത ഈ സാഹചര്യത്തിൽ മേഖലയിൽ തുടരാൻ പ്രയാസമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു.

..........................

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ നട്ടം തിരിയുന്ന ഒരു വിഭാഗമാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. അന്നന്നത്തെ അന്നത്തിന് വേണ്ടിയാണ് ഈ കഷ്ടപ്പാട്. സന്ധ്യവരെ ഓടിയാലും ഒന്നും കിട്ടുകയില്ല. നിയന്ത്രണം കടുപ്പിച്ചപ്പോൾ പേരിനു പോലും യാത്രക്കാർ ഇല്ല. ഒരു ഓട്ടോ തൊഴിലാളി ക്വാറന്റൈനിൽ പ്രവേശിക്കുമ്പോൾ കൂടെയുള്ള മറ്റ് ഡ്രൈവർമാരും ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയാണുള്ളത്

(അനസ്, ഓട്ടോറിക്ഷ ഡ്രൈവർ)