ആലപ്പുഴ: കൊവിഡ് ത്വരിത വ്യാപന പശ്ചാത്തലത്തിൽ ഇന്നലെ ആരംഭിച്ച മിനി ലോക്ക്ഡൗണിനോട് ജില്ലയിൽ അനുകൂല പ്രതികരണം. ഏറെക്കുറേ നിശ്ചലാവസ്ഥയിലായിരുന്നു പലയിടങ്ങളും. റോഡുകളിൽ വാഹനത്തിരക്ക് നന്നേ കുറഞ്ഞു നിന്നു. ആവശ്യമില്ലാതെ തേരാപാരാ സഞ്ചരിക്കുന്നവരെയും അധികമെങ്ങും കാണാനായില്ല. ഞായറാഴ്ച വരെയാണ് ആദ്യഘട്ട മിനി ലോക്ക്ഡൗൺ.
നിരത്തുകളിൽ പൊലീസ് പരിശോധന കർശനമായിരുന്നു. പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന കടുപ്പിച്ചു. കെ.എസ്.ആർ.ടി.സി നാമമാത്ര സർവ്വീസുകളാണ് നടത്തിയത്. സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്സികളും ഇന്നലെ നിരത്തിലിറങ്ങിയില്ല. പഴം, പച്ചക്കറി കടകളും ബേക്കറികളും തുറന്നു. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ബാരിക്കേഡ് ഉപയോഗിച്ചാണ് പൊലീസ് വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചത്. അനാവശ്യമായി നിരത്തിലിറങ്ങിയ ഇരുചക്ര, നാലുചക്ര വാഹനങ്ങൾക്ക് പിഴയും ചുമത്തി. 500 മുതൽ 10,500 രൂപ വരെയാണ് പിഴയിട്ടത്.
മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിച്ചതോടെ, നിരത്തിലിറങ്ങിയ ഇരുചക്രവാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഓരോ സ്റ്റേഷൻ അതിർത്തിയിലും പരിശോധന കർശനമായിരുന്നു. പുറമേ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലും പരിശോധനകൾ നടത്തി. യാത്രക്കാരുടെ എണ്ണത്തിലെ കുറവ് മൂലം കെ.എസ്.ആർ.ടി.സി 25 ശതമാനം സർവീസ് പോലും നടത്തിയില്ല. ആലപ്പുഴ ഡിപ്പോയിൽ നിന്ന് 30 ബസുകൾ സർവീസ് നടത്തിയെങ്കിലും ട്രിപ്പുകളുടെ എണ്ണം കുറച്ചു. ഇന്നലെ ജലഗതാഗത വകുപ്പിന്റെ എല്ലാ ഡിപ്പോകളിലും ട്രിപ്പുകൾ കുറവായിരുന്നു. വിരലിലെണ്ണാവുന്ന യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൃത്യമായ യാത്രാരേഖകളോടെ അടിയന്തര യാത്രകൾ മാത്രമാണ് അനുവദിക്കുന്നത്.
# 25 കേസ്, 13 അറസ്റ്റ്
ഇന്നലെ ജില്ലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 25 കേസുകളിൽ 13 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 12 പേർക്കും മാസ്‌ക് ധരിക്കാത്തതിന് 1266 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 701 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 46,502 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.
# കർശന നിർദ്ദേശങ്ങൾ
അനാവശ്യമായി വീടിനു പുറത്തിറങ്ങാനും പൊതുനിരത്തിൽ കൂട്ടം കൂടാനും അനുവദിക്കില്ല
കണ്ടയ്ൻമെന്റ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനം
പരിശോധനയ്ക്ക് കൂടുതൽ പട്രോളിംഗ് വാഹനങ്ങൾ
അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് പ്രത്യേക നിരീക്ഷണം
അത്യാവശ്യ യാത്രകൾ മാത്രം, രേഖകൾ കൈയ്യിൽ കരുതണം
ദീർഘദൂര ബസ് സർവീസുകൾക്കും ട്രെയിനുകൾക്കും തടസമില്ല
ഓക്‌സിജൻ സിലിണ്ടർ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങളുമായി വരുന്ന വാഹനങ്ങളുടയ ഗ്ലാസിൽ സ്റ്റിക്കർ പതിക്കണം
പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം വിൽക്കുന്ന കടകൾ തുറക്കാം
2 മീറ്റർ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം
ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും ഹോം ഡെലിവറി
തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുറക്കില്ല