a
നഗരസഭ ആരംഭിച്ച ഹെൽപ് ഡെസ്ക് നഗരസഭാ ചെയർമാൻ കെ. വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 7 വാർഡുകൾ വീതം 4 കേന്ദ്രങ്ങളിലായി നടത്തുന്ന സെക്കൻഡ് ഡോസ് വാക്സിനേഷൻ ഇന്നലെ ഗവ.ടി​.ടി​.ഐയിൽ ആരംഭിച്ചു. മാർച്ച്‌ 10ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇപ്പോൾ രണ്ടാം ഡോസ് വാക്സിൻ നൽകുന്നത്.

നഗരസഭ ലൈബ്രറിയോട് ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്ക് നഗരസഭാ ചെയർമാൻ കെ. വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ ലളിത രവീന്ദ്രനാഥ്‌ അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാന്മാരായ അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ, കൗൺസിലർമാരായ തോമസ് മാത്യു, വിമലാ കോമളൻ, മനസ് രാജപ്പൻ, ചിത്രാ അശോക്, മുനിസിപ്പൽ സെക്രട്ടറി എ. എം. മുംതാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. എ. ജിതേഷ്, ഡോ. കോശി ഇടിക്കുള, ജെ. എച്ച്. ഐ വിനോദ്, നഗരസഭാ സൂപ്രണ്ട് ആർ.ഗോപകുമാർ, ഹെൽത്ത് സൂപ്പർ വൈസർ റ്റി. കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
പ്രായം, രോഗം എന്നീ പരിഗണനകൾ അനുസരിച്ച് ഒരു വാർഡിലെ 20 പേർക്ക് വീതമാണ് കോവിഷീൽഡ് വാക്സിൻ എടുക്കുന്നത്. നാളെ രാവിലെ 10 മുതൽ 1, 2, 3, 25, 26, 27, 28 വാർഡുകലേക്കുള്ള സെക്കൻഡ് ഡോസ് വാക്സിനേഷൻ കണ്ടിയൂർ ഗവ. യു. പി. എസിൽ നടക്കും. ഓരോ വാർഡിനും നിശ്ചയിച്ച സമയത്ത് മാത്രമാണ് വാക്സിൻ എടുക്കുന്നത്. ആദ്യ ഡോസ് എടുക്കുവാൻ ഉള്ളവർക്ക് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ആധാർ കാർഡും ഫോൺ നമ്പറും സഹിതം ഹെൽപ് ഡെസ്കിൽ പേര് രജിസ്റ്റർ ചെയ്യാം.