ചേർത്തല: മനസിൽ കെട്ടിക്കിടന്ന വലിയൊരു ആഗ്രഹം നിറവേറിയ ദിവസമാണ് മേള രഘു യാത്രയായത്. പക്ഷേ രഘു അത് കണ്ടതുമില്ല, അറിഞ്ഞതുമില്ല.

ഏക മകളുടെ വിവാഹം നടന്നുകാണാൻ ഏറെനാളായി രഘു ആഗ്രഹിച്ചിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കവേ മകൾ ശില്പയുടെ വിവാഹം എറണാകുളം സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയാണ് കുടുംബാംഗങ്ങൾ ആഗ്രഹം നിറവേറ്റിയത്. അന്നുരാത്രി രഘു യാത്രയാവുകയും ചെയ്തു.

ആലപ്പുഴ പൂങ്കാവ് സ്വദേശിയായ യുവാവുമായി ഏപ്രിൽ 25ന് വിവാഹം നിശ്ചയിച്ചിരുന്നതാണ്. 16ന് രഘു വീട്ടിൽ കുഴഞ്ഞുവീണു. ബന്ധുക്കളേയും മറ്റുള്ളവരേയും വിവാഹത്തിനു ക്ഷണിക്കുകയും ചെയ്തിരുന്നു. കുഴഞ്ഞു വീണ രഘു ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും സംഘവും വിവാഹം നടത്താൻ ബന്ധുക്കളെ നിർബന്ധിക്കുകയായിരുന്നു. ഉടൻ തന്നെ വരനെ വിവരമറിയിച്ച് തിങ്കളാഴ്ച എറണാകുളത്തെ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്ത് രഘുവിന്റെ ആഗ്രഹം നിറവേറ്റുകയായിരുന്നു.

ഭാരത് സർക്കസിലെ പേരെടുത്ത ജോക്കറായിരുന്ന രഘു യാദൃശ്ചികമായാണ് സിനിമയിൽ എത്തിയത്. പൊക്കം കുറഞ്ഞയാൾ നായക കഥാപാത്രം അവതരിപ്പിച്ച ഏഷ്യയിലെ ആദ്യ ചിത്രമായ മേളയിൽ അഭിനയിച്ചാണ് ശശി മേള രഘുവെന്ന പേരെടുത്ത് ശ്രദ്ധേയനായത്. നായകനായി കാമറക്ക് മുന്നിലെത്തുമ്പോൾ സഹനടനായത് സാക്ഷാൽ മമ്മൂട്ടി. പിന്നീട് മമ്മൂട്ടി സിനിമയുടെ കൊടുമുടി കയറിയപ്പോൾ താരപരിവേഷങ്ങളില്ലാതെ കുടുംബത്തിലൊതുങ്ങി കഴിയുകയായിരുന്നു രഘു. അവസാനം മോഹൻലാലിനൊപ്പം ദൃശ്യത്തിൽ വരെയെത്തുമ്പോൾ 30 സിനിമകളാണ് പിന്നിട്ടത്.
സർക്കസ് കൂടാരത്തിലെത്തി നടൻ ശ്രീനിവാസനാണ് രഘുവിനെ സിനിമയിലേക്ക് എത്തിച്ചത്. ഗോവിന്ദൻകുട്ടിയെന്ന കേന്ദ്ര കഥാപാത്രമായി രഘുവും മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക. ദൂരദർശൻ നിർമ്മിച്ച വേലുമാലു സർക്കസിലും പ്രധാന വേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സിയിലൂടെ നാടകത്തിലുമെത്തി.