അമ്പലപ്പുഴ: തിരുവനന്തപുരം കല്ലമ്പലത്ത് മീൻ ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് - നജ്മ ദമ്പതികളുടെ മകൻ മുനീർ (32) മരിച്ചു. ഒപ്പമുണ്ടായിരുന്ന മത്സ്യവ്യാപാരി തൻസിലിനെ (35) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10 ഓടെ ആയിരുന്നു അപകടം. അഞ്ചുതെങ്ങിൽ നിന്നു മത്സ്യം കയറ്റി മാർക്കറ്റിലേക്കു പോകുമ്പോൾ കല്ലമ്പലം ഭാഗത്തുവെച്ച് കെ.എസ്.ആർ.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. മീൻ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഗുരുതര പരിക്കേറ്റ മുനീറിനെ ഉടൻ തന്നെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: നൗഫിയ. മക്കൾ: ഹമ്മദ് ഹുസയിൻ, മുഹമ്മദ് സെയ്ദ്.