ആലപ്പുഴ: കലവൂർ പെട്രോൾ പമ്പിലെ ജീവനക്കാരനിൽ നിന്ന് 13.63 ലക്ഷം രൂപ ബൈക്കിലെത്തി കവർന്ന രണ്ടുപേരെ കണ്ടെത്താനായി ആലപ്പുഴ ഡിവൈ എസ്.പി ഡി.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം ഊജ്ജിതമാക്കി. കവർച്ച സമയം ഇതുവഴി കടന്നുപോയ 50 ബൈക്കുകളുടെ ഉടമകളെ ചോദ്യം ചെയ്തു.

സൈബർ സെല്ലിന്റെ സഹായത്തോടെ, മോഷണസമയം പ്രദേശത്തെ മൊബൈൽ ടവറുകളിൽ നിന്നുള്ള അരലക്ഷത്തോളം കോൾ വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ 50ൽ അധികം ബൈക്കുകളുടെ വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 50ൽ അധികം സി.സി ടി.വി കാമറകളിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ പരിശോധിക്കുകയാണ്. കഴിഞ്ഞ 26ന് ഉച്ചയ്ക്ക് 12.30 ഓടെ കലവൂർ മലബാർ ഹോട്ടലിനു സമീപമായിരുന്നു സംഭവം. ആര്യാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ പമ്പിലെ ജീവനക്കാരൻ പണവുമായി സൈക്കിളിൽ പോകുമ്പോൾ ജാക്കറ്റും ഹെൽമെറ്റും മാസ്‌കും ധരിച്ചയാൾ നടന്നുവന്ന് ജീവനക്കാരനെ തള്ളിയിട്ടശേഷം ബാഗ് കവർന്നു. ഈ സമയം ഇതേ വേഷത്തിൽ മറ്റൊരാൾ ബൈക്കിലെത്തി മോഷ്ടാവിനെയും കയറ്റി ചേർത്തല ഭാഗത്തേക്ക് കടക്കുകയായിരുന്നു