ചേർത്തല: ചേർത്തല നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത്തിന്റെ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏ​റ്റെടുത്ത് നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ ടി.സുബ്രഹ്മണ്യദാസ് രാജിവെച്ചു. ജില്ലാകോൺഗ്രസ് കമ്മി​റ്റി ട്രഷററായ സുബ്രഹ്മണ്യദാസ് ഫെബ്രുവരിയിലാണ് നിയോജകമണ്ഡലം കൺവീനറാകുന്നത്.

തീരദേശമേഖലയിൽ പ്രതീക്ഷിച്ച വോട്ടുകൾ നേടാനാകാത്തതാണ് പരാജയത്തിനു കാരണമെന്നും ശക്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടും തീരദേശത്തിന്റെ മനസ് മനസിലാക്കാൻ കഴിയാത്തത് വീഴ്ചയാണെന്നും സുബ്രഹ്മണ്യദാസ് പറഞ്ഞു. കഞ്ഞിക്കുഴിയിലും മുഹമ്മയിലും തണ്ണീർമുക്കത്തും ചേർത്തല നഗരസഭയിലും വയലാറിലും പിടിച്ചു നിൽക്കാനായി.എന്നാൽ ആധിപത്യമുള്ള ചേർത്തല തെക്ക്, കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.