ഹരിപ്പാട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാഹന പരിശോധന പൊലീസ് കർശനമാക്കി. ഹരിപ്പാട്, തൃക്കുന്നപ്പുഴ, കരീലക്കുളങ്ങര, വീയപുരം പൊലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപകമായ വാഹന പരിശോധന നടക്കുന്നുണ്ട്. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ യാത്ര ചെയ്യുന്നവരെയും മാസ്ക് കൃത്യമായി ധരിക്കാത്തവരെയും പൊലീസ് പിഴ ഈടാക്കിയും താക്കീത് ചെയ്തും വിടുകയാണ്.

ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. കൊവിഡ് രോഗികളുടെ എണ്ണവും വ്യാപന സാദ്ധ്യത കൂടിയതുമായ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്. കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ ആറോളം പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ ആറോളം പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ബാക്കിയുള്ള പൊലീസുകാർക്ക് പരിശോധന നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതേ പൊലീസുകാർ വാഹന പരിശോധനകൾക്ക് ഉൾപ്പടെ പൊകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. നഗരസഭയിലെ മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഹരിപ്പാട് നഗരസഭയിൽ ഒന്നാം വാർഡിൽ ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ ഹോമിയോആശുപത്രി റോഡ്, അയ്യങ്കാവ് ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള ഭാഗം, മന്ദാരം ഗസ്റ്റ് ഹൌസിന് വടക്കോട്ട് ഹോമിയോആശുപത്രി റോഡ് അയ്യങ്കാവ് ജംഗ്ഷൻ തോങ്ങായിൽ കോളനിയിൽ നിന്ന് കിഴക്കോട്ടുള്ള ഇടവഴി. വാർഡ് 10 ൽ ടൗൺ മുസ്ലീം പള്ളി മുതൽ റെയിൽവെ റോഡ് വരെയുള്ള പള്ളിമേട റോഡ്, അരനാഴിക സെറ്റിൽമെന്റ് കോളനി റോഡ്. വാർഡ് 28 ൽ പടിഞ്ഞാറെ നട ആലിൻചുവട് മണ്ണാറശാല റോഡ്, ഹെൽത്ത് സെന്ററി​ന് വടക്കുവശം കൊല്ലംപറമ്പ് വാഴക്കാലിൽ റോഡ് കിഴക്കെ വഴി, പുല്ലാംവഴി മണ്ണാറശാല റോഡ് എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

...............................

ഹരിപ്പാട്

കൊവി​ഡ് ബാധ

മുനിസിപ്പാലിറ്റി പരിധി: 37

ചെറുതന: 9 ചിങ്ങോലി: 29

കാർത്തികപ്പള്ളി: 17

കരുവാറ്റ: 13

കുമാരപുരം:15

മുതുകുളം: 22

തൃക്കുന്നപ്പുഴ: 17

ആറാട്ടുപുഴ:17

...............................