ചേർത്തല: കച്ചവട സ്ഥാപനങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കുന്നതിനായി കഞ്ഞിക്കുഴി പഞ്ചായത്ത് സംവിധാനമൊരുക്കുന്നു.'ഒപ്പം ഈസി ഷോപ്പി' എന്ന പേരിൽ ആരംഭിക്കുന്ന സംരംഭത്തിൽ സേവന സന്നദ്ധരായ യുവാക്കളെയാണ് ഉൾപ്പെടുത്തുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് സാധനങ്ങൾ തികച്ചും സൗജന്യമായായി എത്തിച്ചു നൽകുക. മറ്റു കുടുംബങ്ങളിലേക്ക് മിതമായ സേവനചാർജ് ഈടാക്കും. ഇതിനായി നിശ്ചയിച്ചിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് പ്രത്യേക യൂണിഫോമും തിരിച്ചറിയൽ കാർഡും പഞ്ചായത്തു നൽകും. സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം.ഡി.സുധാകരൻ ചെയർമാനും കെ.കെ. പ്രതാപൻ കൺവീനറും ഫെയ്‌സി വി.ഏറനാട് കോ-ഓർഡിനേറ്ററുമായുള്ള സമിതിക്ക് രൂപം നൽകി. വ്യാപാരി സംഘടനകളുമായി കൂടിയാലോചിച്ച് പദ്ധതി വിപുലീകരിക്കും. ഇപ്പോൾ രൂപീകരിക്കപ്പെട്ട സംവിധാനം സ്ഥിരം തൊഴിൽ ഗ്രൂപ്പായി മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാറും പറഞ്ഞു.