തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാത്തത് ആശങ്കയുണർത്തുന്നു
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഡിസംബർ 15ന് അടച്ച് മാർച്ച് 15 ന് തുറക്കണമെന്ന നിബന്ധന പാലിക്കാത്തത് കായലോര മത്സ്യത്തൊഴിലാളികളെ ജീവിതം ദുരിതത്തിലാക്കുന്നു. ഓരുവെള്ളം യഥാ സമയം കയറ്റിയില്ലെങ്കിൽ കക്കാ സമ്പത്ത് നശിക്കും. ഇത് ഈ മേഖലയെ ആശ്രയിക്കുന്നവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്ന അവസ്ഥയിലാണ്.
മേയ് രണ്ടിന് തുറക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും കുട്ടനാടൻ പാടശേഖരങ്ങളിൽ വിളവെടുപ്പ് പൂർത്തിയാകാത്തതിനാലാണ് ബണ്ട് തുറക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നത്. ബണ്ട് അടഞ്ഞുകിടന്നാൽ മത്സ്യത്തൊഴിലാളികളുടെ ജനജീവിതം കൂടുതൽ ദുരിതത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു. പോളയും പായലും ചീഞ്ഞഴുകിയ ജലത്തിൽ ദുർഗന്ധം വമിക്കുകയാണ്. ഇത്കൂടാതെ കൊതുകും കൂത്താടിയും പെറ്റുപെരുകി രോഗഭീതിയിലാണ് തീരവാസികൾ. ആഴക്കുറവുള്ള ഭാഗത്ത് കറുത്തകക്ക നശിക്കുന്നു.
വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് ഇതിനുകാരണമെന്നും വേലിയേറ്റവും വേലിയിറക്കവും ഉണ്ടായാൽ ഇതിന് മാറ്റമുണ്ടാകുമെന്നും പറയുന്നു. നീരൊഴുക്ക് ഇല്ലാത്തതിനാൽ കായലിലേക്കുള്ള കൈത്തോടുകളെല്ലാം കടുത്ത വേനലിൽ വറ്റിവരണ്ടുകഴിഞ്ഞു.
ഉത്പാദനം തടസപ്പെട്ട്
കറുത്ത കക്ക
ഓരുവെള്ളം കയറാത്തതിനാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കേണ്ട കറുത്തകക്കയുടെ ഒന്നാംഘട്ടഉത്പാദനം തടസപ്പെട്ടതോടെ മത്സ്യബന്ധനം പ്രതിസന്ധിയിലായെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. കറുത്തകക്ക സംഘങ്ങളും ഇതോടെ പ്രതിസന്ധിയിലാണ്. ആര്യാട്,മുഹമ്മ, കാവാലം, തണ്ണീർമുക്കം പ്രദേശങ്ങളിലാണ് കക്ക കർഷകർ കൂടുതലായി ഉള്ളത്. കക്കയുടെ സമ്പത്ത് കുറഞ്ഞാൽ കക്ക പുറം തോട് വ്യവസായവും താളം തെറ്റും. കുളിക്കുവാനും വസ്ത്രങ്ങൾ കഴുകാനും കായൽ ജലത്തെ ആശ്രയിച്ചിരുന്ന തീരദേശവാസികൾ ഇപ്പോൾ മറ്റ് ജല സ്രോതസുകളെയാണ് ആശ്രയിക്കുന്നത്. ബണ്ട് തുറന്നാൽ ഉപ്പുവെള്ളം കയറുമെങ്കിലും മാലിന്യം മുഴുവൻ ഒഴുകിപ്പോകുമെന്നത് ആശ്വാസമാണ്.
....
# ലക്കും ലഗാനുമില്ലാത്ത
കക്കാ ഖനനം
അനിയന്ത്രിതവും അനധികൃതവുമായ കക്കാ ഖനനമാണ് ഈ മേഖലയിലുണ്ടാക്കിയ മറ്റൊരു പ്രതിസന്ധി . യന്ത്രവത്കൃത ഖനനത്തെതുടർന്ന് കക്കാ നിരപ്പിൽ മണ്ണടിഞ്ഞ് തൊഴിലാളികൾക്ക് വാരിയെടുക്കാൻ കഴിയാത്ത വിധം അടിയിലായി. പുലർച്ചെ അഞ്ചിന് കായലിൽ എത്തി പകൽ മൂന്നോടെ തിരിച്ചുകയറുമ്പോൾ കിട്ടുന്നത് അഞ്ചോ ആറോ പാട്ട കക്കയിലൊതുങ്ങും. ഒരു പാട്ടയ്ക്ക് 100 രൂപയിൽ താഴെയാണ് തൊഴിലാളിക്ക് കിട്ടുക.
പാടശേഖരങ്ങളിൽ പുളി കുറയ്ക്കാനും റബർതോട്ടങ്ങളിൽ തുരിശടിക്കാനും നീറ്റുകക്ക മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ക്രമേണ നീറ്റുകക്കയുടെ ഉപഭോഗം കുറഞ്ഞതോടെ വെള്ളകക്കയുടെയും ആവശ്യം കുറഞ്ഞു. കോഴിത്തീറ്റയിൽ കക്കപൊടിച്ച് ചേർക്കുന്നതിനാണ് ഇപ്പോഴുള്ള മുഖ്യഉപയോഗം. തമിഴ്നാട്ടിലെ കോഴിത്തീറ്റ ഫാക്ടറികളിലേക്കാണ് കക്ക കയറ്റിപോകുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് ചുണ്ണാമ്പുകല്ലും മാർബിൾപൊടിയും കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്യാൻ കഴിഞ്ഞതോടെ കോഴിത്തീറ്റ ഫാക്ടറികളും ക്രമേണ സംഘങ്ങളെ കൈവിടുകയാണ്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിനിടെ കക്ക സമ്പത്ത് കുറയുന്നതാണ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നത്.
.............................
മല്ലി കക്ക നശിപ്പിക്കും
തണ്ണീർമുക്കം ബണ്ടിനു വടക്കുഭാഗത്തുള്ള വൈക്കം, പാണാവള്ളി, പെരുമ്പളം, മുറിഞ്ഞപുഴ പ്രദേശങ്ങളിൽ മല്ലികക്ക വാരിയെടുത്തു നശിപ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ കച്ചവടക്കാർ അനധികൃതമായി കക്ക ശേഖരിച്ച് സ്വകാര്യ ചൂളകളിൽ രാത്രി വള്ളത്തിൽ കൊണ്ടുവന്നിറക്കുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിയമാനുസൃതമായ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചൂളകൾ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ജിയോളജിസ്റ്റ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉണ്ട്.
.............................
'' ബണ്ട് തുറക്കുന്നത് ഇനിയും വൈകിയാൽ വേമ്പനാടിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാകും. അധികൃതർ ആരും തന്നെ മത്സ്യത്തൊഴിലാളികളുമായി ഒന്നും ആലോചിക്കാതെയാണ് നടപടി എടുക്കുന്നത്.
ഭാരവാഹികൾ,
കക്ക സംഘം, മുഹമ്മ