t

ആലപ്പുഴ: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആ‌ർ.ടി.പി.സി.ആ‌ർ പരിശോധനാ നിരക്ക് കുറയ്ക്കണമെന്ന് ലാബുകാർക്കും സ്വകാര്യ ആശുപത്രികൾക്കും സർക്കാർ നിൽകിയ കർശന നിർദ്ദേശം സാധാരണക്കാ‌ർക്ക് ആശ്വാസമാകുന്നു. 1700ൽ നിന്ന് 500 രൂപയിലേക്കാണ് നിരക്കിടിഞ്ഞത്. ഇതോടെ പരിശോധനയ്ക്ക് സന്നദ്ധരാവുന്നവരുടെ എണ്ണവും വ‌ർദ്ധിച്ചു.

ആന്റിജൻ പരിശോധനയെക്കാൾ ആധികാരികമായ ഫലം നൽകുന്നത് ആ‌ർ.ടി.പി.സി.ആർ ടെസ്റ്റാണ്. പരിശോധനാ ഫലം ലഭിക്കുന്നതിൽ അല്പം കാലതാമസം നേരിടുന്നു എന്നത് മാത്രമാണ് നിലവിലെ ന്യൂനത. ജില്ലയിൽ പ്രതിദിനം പതിനായിരത്തിലധികം പേരാണ് ഓരോ ദിവസവും പരിശോധനയ്ക്ക് വിധേയരാകുന്നത്. സ‌ർക്കാ‌ർ ആശുപത്രികളിൽ സൗജന്യ പരിശോധന നടത്താമെങ്കിലും രോഗികളുടെ ബാഹുല്യം മൂലം സ്രവം നൽകാൻ ഏറെ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ലാബിലെയും, ആശുപത്രികളിലെയും പരിശോധനാ നിരക്ക് കേവലം 500 രൂപയായി നിജപ്പെടുത്തിയത് ആശ്വാസമാകുന്നത്. ഐ.സി.എം.ആ‌ർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് സർക്കാ‌ർ പരിശോധനാ നിരക്ക് കുറച്ചത്.

ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, സ്വാബ് ചാ‌ർജ് എന്നിവയുൾപ്പടെയാണ് പുതുക്കിയ നിരക്ക്. കൂടുതൽ തുക ഈടാക്കുന്ന ലാബുകൾക്കെതിരെ നടപടികളുണ്ടാവും. തുടക്കത്തിൽ 2000 രൂപയ്ക്ക് മുകളിലായിരുന്ന നിരക്ക് ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് 1700 ആക്കിയത്.

 ആ‌ർ.ടി.പി.സി.ആർ പ്രത്യേകത

ആന്റിജൻ ടെസ്റ്റിന് സാമ്പിൾ എടുക്കുന്നത് പോലെ തന്നെയാണ് ആ‌ർ.ടി.പി.സി ആറിനും സ്രവം സ്വീകരിക്കുന്നത്. വൈറസിനെ സംരക്ഷിക്കാൻ കഴിയുന്ന ലായിനിയിലേക്ക് സാമ്പിൾ മാറ്റും. തുടർന്ന് ലാബിലേക്ക്. ലാബിലെ പരിശോധനയിൽ വൈറസിനുള്ളിലെ ജനിതക പദാർത്ഥത്തെ വേ‌ർതിരിച്ചെടുക്കും. കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്ന് ചില പദാർത്ഥങ്ങളുണ്ട്. അവയെ ആണ് വേർതിരിക്കുക. പി.സി.ആർ എന്ന ടെക്നിക്കാണ് ഇതിന് ഉപയോഗിക്കുന്നത്. വളരെ ചെറിയ വൈറസ് സാന്നിദ്ധ്യം പോലും കണ്ടെത്താനാകും. വൈറസിന്റെ തോത് കുറവാണെങ്കിലും തിരിച്ചറിയാൻ സാധിക്കും.

.....................................

 17000: ആ‌ർ.ടി.പി.സി.ആ‌ർ പഴയ നിരക്ക്

 500: പുതിയ നിരക്ക്

.................................

ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിൽ, ലക്ഷണം നിലനിൽക്കുന്ന സാഹചര്യത്തിൽ ആ‌ർ.ടി.പി.സി.ആ‌ർ കൂടി നടത്തണം. നിലവിലെ സാഹചര്യത്തിൽ നേരിട്ട് ആ‌‌ർ.ടി.പി.സി.ആ‌ർ നടത്താനാണ് കൂടുതൽ പേരും താത്പര്യപ്പെടുന്നത്. നിരക്ക് കുറഞ്ഞതോടെ കൂടുതൽ ആളുകൾ പരിശോധനയ്ക്ക് എത്തുന്നുണ്ട്

സ്വകാര്യ ലാബ് ജീവനക്കാർ