ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം ആസ്ത്മ രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശവിഭാഗം അഡിഷണൽ പ്രൊഫ. ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആസ്ത്മ ദിനാചരണ പരിപാടിയിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ശ്വാസകോശ രോഗികളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നും മറ്റു പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണന്നും അദ്ദേഹം പറഞ്ഞു . ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ വെബിനാർ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.രൂപേഷ്, എ.എൻ പുരം ശിവകുമാർ, കെ. നാസർ, ശിവകുമാർ ജഗ്ഗു, ടി.എസ്.സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.