ആലപ്പുഴ: അമ്പലപ്പുഴയുടെ തലവേദനയായ കാപ്പിത്തോടിന്റെ രണ്ടാംഘട്ട നവീകരണം ഉടൻ ആരംഭിക്കാൻ കളക്ടർ എ.അലക്സാണ്ടർ നിർദ്ദേശം നൽകി. കാപ്പിത്തോട് നവീകരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

14.47 കിലോമീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള കാപ്പിത്തോട് നവീകരിച്ച് ആഴംകൂട്ടി കയർഭൂവസ്ത്രം വിരിക്കുക എന്നതാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒഴുക്ക് പുനഃസ്ഥാപിച്ച ശേഷം മൂന്നാം ഘട്ടമായി മാലിന്യ സംസ്‌കരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യം ശുചീകരിക്കുന്നുണ്ടെങ്കിലും ഹോസ്റ്റലുകളിൽ നിന്നുള്ള മലിനജലം നിലവിൽ കാപ്പിത്തോട്ടിലേക്കാണ് എത്തുന്നത്. ഇതിനുള്ള പരിഹാരം ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. കിഫ്ബിയിലൂടെ 20 കോടി ചെലവിൽ ആരംഭിക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായതായി ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ബിനു ബേബി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളായ പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.