ആലപ്പുഴ: കൊവിഡ് രണ്ടാംഘട്ട രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കുടുംബശ്രീ വനിതകൾ അംഗങ്ങളായുള്ള ഗ്രീൻ ആർമിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അണുനശീകരണ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ മാരാരിക്കുളം വടക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 'ഗ്രീൻ ആർമി- ഡീപ് ക്ലീനിംഗ് ഡിസിൻഫെക്ഷൻ ടീം' എന്ന പേരിലുള്ള ഈ പദ്ധതി.
എട്ടു പേർ ഉണ്ടായിരുന്ന ടീമിൽ നിലവിൽ ഏഴു വനിതകളാണ് പ്രവർത്തന സജ്ജരായിട്ടുള്ളത്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സുകന്യയുടെ നേതൃത്വത്തിലാണ് ടീം പ്രവർത്തിക്കുന്നത്. പഞ്ചായത്തിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്നു മുതൽ ഗ്രീൻ ആർമിയുടെ പ്രവർത്തനം ശക്തമാക്കുമെന്ന് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് പറഞ്ഞു.
ഓഫീസുകൾ, വീടുകൾ, വാഹനങ്ങൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം ടീം സേവനത്തിനായി ഓടിയെത്തും. മാരാരിക്കുളത്ത് മാത്രമല്ല സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ടീമിന്റെ സേവനം ലഭ്യമാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിതമായ നിരക്കിലാണ് പ്രവർത്തനം. ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഇതിനോടകം ഇവർ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പി.പി.ഇ കിറ്റ്, റബർ ബൂട്ട്, ഗ്ലൗസ്, മാസ്‌ക്, ഫെയ്സ് ഷീൽഡ്, മോട്ടോർ സ്പ്രേയർ തുടങ്ങി എല്ലാ സുരക്ഷാ മുൻകരുതലുകളും ഗ്രീൻ ആർമിക്കുണ്ട്. ഫോൺ: 8943260594