 ചികിത്സയിലുള്ളത് 534 പേർ

ചേർത്തല: കൊവിഡ് വ്യാപനം രൂക്ഷമായ ചേർത്തലയിൽ രണ്ടു ദിവസത്തിനിടെ മരിച്ചത് ഏഴുപേർ. 534 പേർ ചികിത്സയിലാണ്. നഗരസഭയിലെ അഞ്ച് വാർഡുകൾ പൂർണമായും ഒരു വാർഡ് ഭാഗികമായും അടച്ചു.

കൊവിഡ് വ്യാപനവും മരണനിരക്കും വർദ്ധിച്ചതോടെ നഗരസഭയും ആരോഗ്യ വകുപ്പും പൊലീസും നടപടികൾ കർശനമാക്കി. നഗരത്തിന്റെ ഹൃദയഭാഗമായ 11-ാം വാർഡ്, 15, 30, 34, 35 വാർഡുകളും 14-ാം വാർഡിന്റെ പകുതി ഭാഗവുമാണ് കണ്ടെയ്ൻമെന്റ് മേഖലയാക്കിയത്. ഇവിടെ കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ പൂർണമായി അടഞ്ഞുകിടക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന ചുരുക്കം ചില കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാൻ നഗരസഭയിൽ അടിയന്തിര കൗൺസിൽ യോഗം ചേർന്നു. 43 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൗൺസിൽ അംഗീകാരം നൽകി. കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ,ആവശ്യമായ പ്രതിരോധ മരുന്നുകൾ, കൂടുതൽ പരിശോധനയും വാക്സിനേഷനും തുടങ്ങിയവയാണ് അടിയന്തിരമായി സജ്ജമാക്കുന്നത്.

നിലവിൽ നഗരസഭ ടൗൺഹാളിൽ 50 കിടക്കകളുള്ള ഡൊമിസിലറി കെയർ സെന്ററും ടെലി മെഡിസിൻ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചെയർപഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ എന്നിവർ പറഞ്ഞു. ചേർത്തല ദേവീ ക്ഷേത്രത്തിന് മുൻവശം, ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപം, വടക്കേ അങ്ങാടി കവല എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു നിറുത്തി കർശന പരിശോധന നടത്തുന്നുണ്ട്. ഇതിനുപുറമേ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ചും പൊലീസ് പരിശോധന ശക്തമാണ്.

 മഴക്കാല പൂർവ ശുചീകരണം

ചേർത്തല നഗരസഭയിലെ വിവിധ തോടുകളും കാനകളും മാലിന്യം നീക്കം ചെയ്ത് നീരൊഴുക്കിന് പാകമാക്കുന്ന ജോലികൾ ആരംഭിച്ചു. വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കി താഴ്ന്ന പ്രദേശങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അവലോകന യോഗത്തിൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ സ്മിത സന്തോഷ്, ലിസി ടോമി, ജി. രഞ്ജിത്, എ.എസ്. സാബു, ഷീജ സന്തോഷ്,സെക്രട്ടറി കെ.എസ്. അരുൺ, എച്ച്.എസ്. റാം കുമാർ എന്നിവർ പങ്കെടുത്തു.