അമ്പലപ്പുഴ: ദേശീയപാതയോരത്ത് അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം, ഗണേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള രാമനാചാരി ജുവലറി വർക്സിൽ കവർച്ച. കടയുടെ മുൻവാതിൽ കുത്തിത്തുറന്ന് കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളും ഗോൾഡ് കവറിംഗ് ആഭരണങ്ങളും കവർന്നു. ഏകദേശം എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തൊട്ടടുത്ത് സഹോദരൻ കണ്ണന്റെ ഉടമസ്ഥതയിലുള്ള അഞ്ജന ജ്യുവലറിയിൽ മോഷണ ശ്രമം നടന്നു. മുൻ വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ മോഷ്ടാക്കൾ അകത്തുകടന്നില്ല. വെള്ളിയാഭരണങ്ങളും ഗോൾഡ് കവറിംഗുകളും സൂക്ഷിച്ചിരുന്ന ട്രേകൾ ഇരട്ടക്കുളങ്ങര ക്ഷേത്രക്കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടകളുടെ മുന്നിലുണ്ടായിരുന്ന ട്യൂബ് ലൈറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി.