t

ആലപ്പുഴ: മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങളെപ്പറ്റി മലയാളികളെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന ആത്മീയാചാര്യനായിരുന്നു മാർക്രിസോസ്റ്റം മെത്രാപ്പൊലീത്തയെന്ന് അഡ്വ. ടി.കെ. ശ്രീനാരായണദാസ് അനുസ്മരിച്ചു.

നിഷ്കളങ്കതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. നർമ്മ ഭാഷണങ്ങളിലൂടെ അചഞ്ചലമായ സത്യങ്ങൾ വിളിച്ചുപറഞ്ഞു. ചിന്തിക്കാനും സ്വയം നവീകരിക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു ആ വാക്കുകൾ. ഈ അസാധാരണതയെ അത്ഭുതത്തോടും ആദരവോടും കൂടിയാണ് മലയാളികൾ നോക്കിക്കണ്ടത്. ഒരു വിഭാഗീയതയുമില്ലാത്ത വിശ്വപ്രാർത്ഥനയായി ദൈവദശകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചയാളാണ് ക്രിസോസ്റ്റം തിരുമേനി. ഗുരുസന്ദേശങ്ങളിൽ രണ്ടെണ്ണംവീതം ഓരോ സ്കൂളും നടപ്പാക്കി മാതൃക കാട്ടുന്ന ഒരു പദ്ധതിയെപ്പറ്റി മാർക്രിസ്റ്റോറ്റം ഒരു ചടങ്ങിനിടെ ആശയം പങ്കുവച്ചിരുന്നു. ആ പ്രഭാഷണം സംഗീതം പോലെയാണ് മലയാളികൾ ആസ്വദിച്ചത്. കരുത്തും കാതലുമുള്ള വാക്കുകൾ. ജാതിമത ഭേദങ്ങളിലാതെ ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായി കേരളം നിലനിന്നു കാണാൻ അദ്ദേഹം ആഗ്രഹിച്ചു. വാക്കും പ്രവൃത്തിയും കൊണ്ട് തലമുറകളുടെ മനസിൽ കയ്യൊപ്പ് ചാർത്തിയ മഹദ് വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം തിരുമേനിയെന്നും ശ്രീനാരായണദാസ് പറഞ്ഞു.