ചാരുംമൂട്: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ചാരുംമൂട് മേഖലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. നൂറനാട് ഗ്രാമ പഞ്ചായത്തിലെ പാറ്റൂരിൽ 275 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇന്നലെ തുറന്നു. പാലമേൽ പഞ്ചായത്തിൽ ഇന്നലെ ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മേഖലയിൽ ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചവരുടെ എണ്ണം 12 ആയി.
പാലമേൽ പഞ്ചായത്തിൽ 5ഉം താമരക്കുളത്തും ചുനക്കരയിലും 3 പേർ വീതവും വള്ളികുന്നം പഞ്ചായത്തിൽ ഒരാളുമാണ് ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചത്. ചുനക്കര 12-ാം വാർഡും താമരക്കുളം 6-ാo വാർഡും
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. അനാവശ്യമായി യാത്ര ചെയ്യാൻ ആരെയും പൊലീസ് അനുവദിക്കുന്നില്ല. ചാരുംമൂട് ടൗണിലും പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് പിക്കറ്റുകളും വാഹന പരിശോധനയുമുണ്ട്. പാലമേൽ പഞ്ചായത്തിലെ നാലു വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
നൂറനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 275 കിടക്കകളുള്ള സി.എഫ്.എൽ.ടി.സി ഇന്നലെ തുറന്നു. ഗ്രാമഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജികുമാർ, ബ്ളോക്ക് പഞ്ചായത്തംഗം ജി. പുരുഷോത്തമൻ, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.